ഐശ്വര്യകേരള യാത്രയ്ക്ക് 'ആദരാഞ്ജലികൾ'; കെപിസിസി വിശദീകരണം തേടി

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചുള്ള വീക്ഷണം പത്രത്തിലെ പ്രയോഗം വിവാദത്തിൽ. ആശംസകളോടെ എന്നതിന് പകരം ആദരാഞ്ജലികളോടെ എന്ന് പത്രത്തിൽ അച്ചടിച്ച് വന്നത് വലിയ ചർച്ചയായതോടെ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് ചെന്നിത്തല തന്നെ രംഗത്തെത്തി.

ഇന്ന് പ്രസിദ്ധീകരിച്ച പത്രത്തിലാണ് ഐശ്വര്യകേരള യാത്രയ്ക്ക് ആശംസകൾ എന്നതിന് പകരം ആദരാഞ്ജലികൾ എന്ന് അച്ചടിച്ചു വന്നത്. ഇതോടെ സോഷ്യൽ മീഡിയയിലടക്കം വിഷയം കൂടുതൽ ചർച്ചയായി. നിലവിലെ കോൺഗ്രസ് രാഷ്ട്രീയ സാഹചര്യം കൂടി ചേർത്ത് വച്ച് പ്രചരിച്ചതോടെ കെപിസിസി സംഭവത്തിൽ വിശദീകരണം തേടിയിട്ടുണ്ട്.

അച്ചടിപ്പിശക് സംഭവിച്ചതാണെന്ന് നേതാക്കളടക്കം പലരും പ്രതികരിച്ചെങ്കിലും ജാഗ്രതക്കുറവുണ്ടായെന്നും ഗൂഢാലോചനയുണ്ടോയെന്ന് വരെ സംശയിക്കുന്നുവെന്നാണ് വീക്ഷണം എംഡിയുടെ ചുമതല നിർവ്വഹിക്കുന്ന കെപിസിസി ജനറൽ സെക്രട്ടറി ജെയ്‌സൺ ജോസഫ് പ്രതികരിച്ചു. എങ്ങനെയാണ് തെറ്റ് വന്നതെന്ന് പരിശോധിച്ച് വരികയാണെന്നും ബന്ധപ്പെട്ടവരോട് ഇക്കാര്യത്തിൽ വിശദീകരണം തേടിയതായും നടപടി ഉണ്ടാകുമെന്നും ജെയ്‌സൺ വ്യക്തമാക്കി.

31-Jan-2021