വര്‍ഗീയതയും കോണ്‍ഗ്രസ് നിലപാടുകളും

മുസ്ലിം ലീഗിനെ വീണ്ടും രൂക്ഷമായ വിമർശിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ. മുന്നാക്ക സംവരണത്തിൽ സാമുദായിക ധ്രുവീകരണത്തിന് ലീഗ് ശ്രമിച്ചുവെന്ന് വിജയരാഘവൻ ആരോപിച്ചു. സംവരണത്തിനെതിരെ രംഗത്തിറങ്ങിയത് വർഗ്ഗീയ ശക്തികളാണ്. ഇതിനെതിരെ ശബ്ദിക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ലെന്നും വര്‍ഗീയതയും കോണ്‍ഗ്രസ് നിലപാടുകളും എന്ന തലക്കെട്ടില്‍ ദേശാഭിമാനി പത്രത്തില്‍ എഴുതിയ ലേഖനത്തിൽ വിജയരാഘവൻ പറയുന്നു.

തെരഞ്ഞെടുപ്പ്‌ ലാഭത്തിനുവേണ്ടി വർഗീയ കൂട്ടുകെട്ടുകൾ തരാതരംപോലെ രൂപപ്പെടുത്തുന്ന ശൈലിയാണ്‌ കേരളത്തിലെ കോൺഗ്രസിനുള്ളത്‌. ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയ വോട്ടുകൾ കഴിഞ്ഞ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ അവർ ഫലപ്രദമായി ഉപയോഗിച്ചാണ്‌ വിജയം നേടിയത്‌.

എന്നാൽ, കേന്ദ്രാധികാരം തീവ്രഹിന്ദുത്വ ശക്തികൾക്ക്‌ ലഭിക്കുകയും പ്രധാനമന്ത്രിയാകുമെന്ന്‌ അവർ പ്രചരിപ്പിച്ച രാഹുൽ ഗാന്ധിക്ക്‌ പ്രതിപക്ഷ നേതൃസ്ഥാനംപോലും ലഭിക്കാതിരിക്കുകയും ചെയ്‌തു. ഇത്‌ രാജ്യത്തെ രാഷ്‌ട്രീയ ഘടനയിൽ സ്വാഭാവികമായും തീവ്രഹിന്ദുത്വ ശക്തികൾക്ക്‌ മേധാവിത്വം നൽകി.

ഉറച്ച മതനിരപേക്ഷവാദിയായിരുന്ന ജവാഹർലാൽ നെഹ്‌റുവിന്റെ ആശയങ്ങളിൽനിന്ന്‌ കോൺഗ്രസ്‌ അകലുക മാത്രമല്ല ഉണ്ടായത്‌. മതനിരപേക്ഷനയങ്ങൾ വലിച്ചെറിഞ്ഞ്‌ അധികാരത്തിനുവേണ്ടി ഏതു വർഗീയപ്രസ്ഥാനവുമായും കൂട്ടുകൂടാമെന്ന നിലയിലേക്ക്‌ ആ പാർട്ടി എത്തി. സോമനാഥക്ഷേത്രം വീണ്ടും തുറക്കുന്ന ചടങ്ങിൽ പങ്കെടുത്ത രാഷ്‌ട്രപതി രാജേന്ദ്രപ്രസാദിന്‍റെ നിലപാട്‌ രാജ്യത്തിന്‍റെ മതനിരപേക്ഷ അടിത്തറയ്‌ക്ക്‌ പോറലുണ്ടാക്കുമെന്നാണ്‌ നെഹ്‌റു രാഷ്‌ട്രപതിക്ക്‌ എഴുതിയ കത്തിൽ അന്ന്‌ പറയാൻ ശ്രമിച്ചത്‌.

ഈ നിലപാടിൽനിന്നുള്ള പൂർണമായ പിന്മാറ്റമാണ്‌ വർഗീയതയുമായി ബന്ധപ്പെട്ട്‌ ഇന്നത്തെ കോൺഗ്രസിനുള്ളത്‌. ‌ കോൺഗ്രസ്‌‌ അവസരവാദ നിലപാടുകൾ സ്വീകരിച്ച്‌ ബിജെപിക്കുവേണ്ടി വഴിവെട്ടുകയാണ്‌‌. പല സംസ്ഥാനങ്ങളിലും കോൺഗ്രസിനെ വേരോടെ പിഴുതെറിയാൻ ബിജെപിയെ സഹായിച്ചത്‌ ഈ മൃദുഹിന്ദുത്വമാണെന്നും ലേഖനം പറയുന്നു.

01-Feb-2021