മ്യാൻമറിൽ സൈനിക അട്ടിമറി; ഓങ് സാങ് സൂചിയും പ്രസിഡന്റും ഉൾപ്പെടെ തടവിൽ

മ്യാൻമറിൽ വീണ്ടും സൈനിക അട്ടിമറി. ഓങ് സാങ് സൂചിയടക്കമുള്ള നേതാക്കളെ സൈന്യം തടവിലാക്കി. തലസ്ഥാന നഗരിയിൽ ടെലഫോൺ, ഇൻറർനെറ്റ് ബന്ധം വിച്ഛേദിച്ചു. ഭരണകക്ഷിയായ എൻഎൽഡി പ്രതിനിധിയാണ് ഇക്കാര്യം അറിയിച്ചത്.

മ്യാൻമറിൽ പുതുതായ തെരഞ്ഞെടുക്കപ്പെട്ട പാർലമെൻറംഗങ്ങൾ ഇന്ന് ചുമതലയേൽക്കാനിരിക്കെയാണ് സൈനിക അട്ടിമറി. തെരഞ്ഞെടുപ്പിൽ കള്ളക്കളി നടന്നെന്നാരോപിക്കുന്ന സൈനിക ഭരണം അട്ടിമറിച്ചേക്കുമെന്ന ആശങ്ക നേരത്തെ നിലനിന്നിരുന്നു. 2011 ലാണ് രാജ്യത്ത് സൈനികഭരണം അവസാനിക്കുന്നത്. അതിന് ശേഷം നടന്ന രണ്ടാമത്തെ പൊതുതെരഞ്ഞെടുപ്പായിരുന്നു ഇത്.

നവംബർ എട്ടിനായിരുന്നു തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പിൽ ഓങ് സാങ് സൂചിയുടെ നാഷണൽ ലീഗ് ഫോർ ഡെമോക്രസി വൻനേട്ടമുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് അയോഗ്യമെന്ന് ചൂണ്ടിക്കാട്ടി മ്യാന്മർ സൈന്യം നടത്തിയ അട്ടിമറി ഭീഷണിയെ കരുതിയിരിക്കണമെന്ന് മുന്നറിയിപ്പ് സൂചി ഭരണകൂടത്തിന് യു.എൻ നേരത്തെ നൽകിയിരുന്നു.

01-Feb-2021