ബി.ജെ.പിയും കേന്ദ്ര ഏജൻസികളും മാധ്യമപ്രവർത്തകരെ വേട്ടയാടുന്നു: മന്ത്രി തോമസ് ഐസക്

കർഷക സമരം റിപ്പോർട്ടു ചെയ്യുന്ന മാധ്യമപ്രവർത്തകർക്കെതിരെ കേസു ചുമത്തി നിശബ്ദരാക്കാനുള്ള ബിജെപി സർക്കാരുകളുടെ നീക്കം അപലപനീയമെന്ന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്. . അക്ഷരാർത്ഥത്തിൽ മാധ്യമപ്രവർത്തകരെ വേട്ടയാടുകയാണ് ബിജെപി സർക്കാരുകളും കേന്ദ്രസർക്കാരിന്റെ കീഴിലുള്ള ഡൽഹി പോലീസുമെന്ന് അദ്ദേഹം ആരോപിച്ചു.
.
ഒമ്പത് മാധ്യമപ്രവർത്തകരുടെ പേരിൽ ഇതിനകം രാജ്യദ്രോഹക്കേസുകൾ ചുമത്തിക്കഴിഞ്ഞു. കർഷകർക്കനുകൂലമായി അഭിപ്രായം പറയുന്ന മുതിർന്ന മാധ്യമപ്രവർത്തകരെയും വേട്ടയാടാനുള്ള പട്ടികയിൽ ഉൾപ്പെടുത്തിക്കഴിഞ്ഞു. സമരകേന്ദ്രമായ സിൻഘുവിൽ കർഷകരെ കൈയേറ്റം ചെയ്ത ബിജെപിക്കാരുടെ ദൃശ്യങ്ങൾ പകർത്തിയ കാരവാൻ മാസികയുടെ മൻദീപ് പൂണിയെ ഡൽഹി പോലീസ് അറസ്റ്റു ചെയ്തു. ഓൺലൈൻ ന്യൂസ് ഇന്ത്യയിലെ ധർമ്മേന്ദ്ര സിംഗിനെയും കസ്റ്റഡിയിലെടുത്തു.
കർഷക പ്രക്ഷോഭത്തിന്റെ സത്യസന്ധമായ വാർത്തകൾ ജനങ്ങളിലെത്തിച്ച മൻദീപ് കുറേ നാളായി സംഘപരിവാറിന്റെ നോട്ടപ്പുള്ളിയാണ്. മന്ത്രി ഫേസ്ബുക്കിൽ എഴുതി.

റിപ്പബ്ലിക് ദിനത്തിലെ കർഷക സമരത്തെക്കുറിച്ച് കേന്ദ്രസർക്കാരിന്റെ താൽപര്യങ്ങൾക്ക് വിരുദ്ധമായ വാർത്തകളും നിരീക്ഷണങ്ങളും വിശകലനങ്ങളും പങ്കുവെയ്ക്കുന്നവർക്കെല്ലാം എതിരെ കേസുകളെടുക്കുകയാണ്. രാജ് ദീപ് സർദേശായി, മൃണാൾൾ പാണ്ഡെ, വിനോദ് കെ ജോസ്, സിദ്ധാർത്ഥ് വരദരാജൻ എന്നിവർക്കെല്ലാം എതിരെ കേസെടുത്തിട്ടുണ്ട്. കേസും ഭീഷണിയുമൊക്കെ തുരുതുരാ വരുമ്പോൾ എല്ലാവരും ഭയപ്പെട്ടു വീട്ടിലിരിക്കുമെന്നും തങ്ങൾക്കെതിരെ ആരും വാ തുറക്കില്ലെന്നുമൊക്കെയാണ് കേന്ദ്രസർക്കാരും ബിജെപി നേതൃത്വവുമൊക്കെ ധരിച്ചു വെച്ചിരിക്കുന്നത്.

ഭരണകൂട ഭീകരതയ്ക്കെതിരെ ഇതിലും കൊടിയ പീഡനങ്ങൾ ഏറ്റുവാങ്ങിയാണ് നമ്മുടെ സ്വതന്ത്ര മാധ്യമപ്രവർത്തനം വളർന്നുവന്നത്. ഭീഷണിയ്ക്കു മുന്നിൽ പതറാതെയും പ്രലോഭനങ്ങൾക്കു വശംവദരാകാതെയും സ്വാഭിപ്രായധീരത ഉയർത്തിപ്പിടിക്കുന്ന എഡിറ്റർമാരും പത്രസ്ഥാപനങ്ങളും രാജ്യത്തുണ്ട്. അവരുടെ ആർജവത്തെയും വസ്തുതകളോടുള്ള ആഭിമുഖ്യത്തെയും രാജ്യദ്രോഹക്കേസു ചുമത്തി നിശ്ചേഷ്ടമാക്കിക്കളയാമെന്ന് കരുതുന്നവരോട് ഹാ കഷ്ടം എന്നല്ലാതെ എന്തു പറയാൻ. ഈ അടിച്ചമർത്തൽ കാലത്തെയും ഭരണത്തെയും ഇന്ത്യ അതിജീവിക്കുക തന്നെ ചെയ്യുമെന്ന് തോമസ് ഐസക് പറയുന്നു.

01-Feb-2021