സ്ഥാനാര്‍ത്ഥി നിർണ്ണയ ചർച്ച; സി.പി.ഐ.എം നേതൃയോഗങ്ങള്‍ ഇന്ന് തുടങ്ങും
അഡ്മിൻ
നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയ- സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കായി സി.പി.ഐ.എം നേതൃയോഗങ്ങള്‍ക്ക് ഇന്നു തുടക്കമാകും. എ.കെ.ജി സെന്ററില്‍ രാവിലെ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റിലും തുടര്‍ന്നുള്ള രണ്ടുദിവസങ്ങളിലെ സംസ്ഥാന സമിതിയിലും ഇക്കാര്യങ്ങളില്‍ പ്രാഥമിക ധാരണയുണ്ടാകും.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായുള്ള മാനദണ്ഡങ്ങളില്‍ വിജയസാധ്യത നോക്കി ഇളവ് നല്‍കുന്ന കാര്യം യോഗം പരിഗണിക്കും. തദ്ദേശ തെരഞ്ഞെടുപ്പ് വിജയത്തിന്റെ പശ്ചാത്തലത്തില്‍ ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ടാണ് സി.പി.ഐ.എം നിയമസഭാ അങ്കത്തിന് ഒരുങ്ങുന്നത്. പിഴവില്ലാത്ത സ്ഥാനാര്‍ത്ഥി നിര്‍ണയമാണ് ഒന്നാംഘട്ടം. ഇതിനുള്ള പ്രാഥമിക ചര്‍ച്ചകള്‍ക്ക് ഇന്ന് തുടക്കമാകും.
തദ്ദേശ തെരഞ്ഞെടുപ്പു മാതൃകയില്‍ യുവജന-പുതുമുഖ സ്ഥാനാര്‍ത്ഥികള്‍ക്ക് മുന്‍തൂക്കം നല്‍കിയായിരിക്കും പട്ടിക തയാറാക്കുക. വിജയസാധ്യത കണക്കിലെടുത്ത് തുടര്‍ച്ചയായി രണ്ട് തവണ വിജയിച്ചവര്‍ക്ക് സീറ്റ് നല്‍കേണ്ടതില്ലെന്ന മാര്‍ഗനിര്‍ദേശത്തില്‍ ഇളവ് വരുത്തും. സെക്രട്ടേറിയറ്റംഗങ്ങളില്‍ ആരൊക്കെ മത്സരിക്കണം, മന്ത്രിമാര്‍ എത്രപേര്‍ വീണ്ടും മത്സരിക്കണം എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതുണ്ട്. സ്ഥാനാര്‍ത്ഥിയെ മാറ്റിയാല്‍ വിജയ സാധ്യതയെ ബാധിക്കുമെന്ന് ഉറപ്പുള്ള മണ്ഡലങ്ങളിലെ എം.എല്‍.എമാര്‍ക്ക് വീണ്ടും അവസരം ലഭിക്കും.