അയോധ്യ ക്ഷേത്ര നിർമ്മാണ ഫണ്ട് പിരിവ് ഉദ്ഘാടനം ചെയ്ത് കോൺഗ്രസ് നേതാവ്; വിവാദം

അയോധ്യയിലെ രാമ ക്ഷേത്ര നിർമ്മാണ ഫണ്ട് പിരിവ് കോൺഗ്രസ് നേതാവ് ഉദ്ഘാടനം ചെയ്തത് വിവാദത്തിലാകുന്നു. ആലപ്പുഴ ജില്ലാ ഡിസിസി ഉപാധ്യക്ഷൻ രഘുനാഥ പിള്ള ആണ് ആർ.എസ്.എസ് ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്തത്. ഒരു ക്ഷേത്രഭാരവാഹി എന്ന നിലയിലാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തതെന്നാണ് രഘുനാഥപിള്ള നല്‍കുന്ന വിശദീകരണം.

ഇപ്പോള്‍ ഉണ്ടായിട്ടുള്ള വിവാദം ഗ്രൂപ്പ് പോരിന്‍റെ ഭാഗമാണെന്നും റ്റി. ജി രഘുനാഥപിള്ള പറയുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടക്കുന്നത്. ആര്‍എസ്എസ് രാജ്യത്തുടനീളം ക്ഷേത്രങ്ങളില്‍ നിന്നും വീടുകളില്‍ നിന്നും ആയോധ്യ രാമക്ഷേത്ര നിര്‍മ്മാണത്തിന് ഫണ്ട് പിരിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ആലപ്പുഴ ചേര്‍ത്തലയിലെ പള്ളിപ്പുറത്തുള്ള കടവില്‍ ശ്രീ മഹാലക്ഷ്മി ക്ഷേത്രത്തിലും നടന്നിരുന്നു.

അതിന്റെ ഉദ്ഘാടനമാണ് ഡി.സി.സി ഉപാധ്യക്ഷന്‍ നിര്‍വഹിച്ചത്. പ്രസ്തുത ക്ഷേത്രത്തിന്‍റെ ഭാരവാഹി കൂടിയാണ് രഘുനാഥപിള്ള. താന്‍ ഈ പരിപാടി നടത്തിയത് ക്ഷേത്രഭാരവാഹി എന്ന നിലയിലാണ് എന്ന വിശദീകരണമാണ് അദ്ദേഹം നല്‍കുന്നത്. എന്നാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ വന്‍ വിമര്‍ശനമാണ് രഘുനാഥപിള്ളയ്ക്കെതിരെ ഉയര്‍ത്തുന്നത്.

02-Feb-2021