മുസ്‌ലിം ജനവിഭാഗത്തിന്റെ യഥാർത്ഥ സംരക്ഷകർ സി.പി.ഐ.എം: മന്ത്രി എം.എം മണി
അഡ്മിൻ
കേരളത്തിലെ മുസ്‌ലിം ജനവിഭാഗത്തിന്റെ യഥാർഥ സംരക്ഷകർ സി.പി.ഐ.എമ്മാണെന്ന് മന്ത്രി എം.എം.മണി. മുസ്‌ലിങ്ങളുടെ ആകെ അവകാശം ലീഗിനല്ല എന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. തലശേരി-മാറാട് കലാപങ്ങളുടെ നാളുകളിൽ മുണ്ടുമടക്കിക്കുത്തി നിന്നത് സി.പി.ഐ.എമ്മാണ് എന്നോർക്കണം. മുസ്‌ലിം ലീഗിനെതിരായ വിമർശനം ഇനിയും തുടരുമെന്നും അദ്ദേഹം പറഞ്ഞു.
തലശേരി കലാപകാലത്ത് മുണ്ടും മടക്കി കുത്തി നിന്നത് എം.വി.രാഘവനും ഇ.എം.എസും പിണറായി വിജയനുമാണ്. സി.എച്ച്.മുഹമ്മദ് കോയയടക്കം മുസ്ലീം ലീഗ് നേതാക്കളാരും അങ്ങോട്ട് പോയില്ല. മലപ്പുറം ജില്ല രൂപീകരിച്ചത് ഇഎംഎസാണ്. മലപ്പുറം ജില്ല രൂപീകരണത്തിന് ഇഎംഎസ് മുൻകൈയെടുത്തപ്പോൾ പാകിസ്ഥാനുണ്ടാക്കുന്നുവെന്നാണ് കോൺഗ്രസ് പറഞ്ഞത്- അദ്ദേഹം പറഞ്ഞു.
ഇതോടൊപ്പം തന്നെ മുസ്‌ലിങ്ങളുടെ ആകെ അവകാശം ലീഗിന് ആരും നൽകിയിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. മുസ്‌ലിങ്ങളെ സംരക്ഷിക്കാൻ ഡൽഹിക്ക് പോയ കുഞ്ഞാലിക്കുട്ടിക്ക് എന്ത് സംഭവിച്ചെന്നും അദ്ദേഹം ചോദിച്ചു.ശബരിമല കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഈ വിഷയത്തിൽ ആർക്കും ഇടപെടാൻ സാധിക്കില്ല. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ശബരിമലയിൽ നിയമനിർമാണം നടത്തുമെന്ന കോൺഗ്രസിന്റെ അവകാശവാദം വെറും ബഡായിയാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.