കെയര്‍ ഹോം പദ്ധതി: കൊല്ലം ജില്ലയില്‍ മൂന്ന് ഏക്കര്‍ സ്ഥലത്ത് ഭവന സമുച്ചയം ഒരുങ്ങും

സഹകരണ വകുപ്പിന്റെ കെയര്‍ ഹോം പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ കൊല്ലം ജില്ലയിലെ ഭൂരഹിതരായ 300 കുടുംബങ്ങള്‍ക്ക് വീട് നല്‍കാന്‍ പദ്ധതി. പുനലൂര്‍ ഗവണ്‍മെന്റ് എച്ച് എസ് എസില്‍ നടന്ന മുഖ്യമന്ത്രിയുടെ പരാതി പരിഹാര അദാലത്തിന്റെ സമാപനച്ചടങ്ങില്‍ സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്.

ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസറാണ് ജില്ലയിലെ ഭൂരഹിതരായ കുടുംബങ്ങള്‍ക്ക് കെയര്‍ ഹോം പദ്ധതിയിലുള്‍പ്പെടുത്തി വീട് നിര്‍മിച്ച് നല്‍കുന്ന കാര്യം മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ലൈഫ് പദ്ധതിയിലുള്ള ഗുണഭോക്താക്കള്‍ക്കാണ് വീട് ലഭിക്കുക. സഹകരണ വകുപ്പിന്റെ എല്ലാ സഹായവും മന്ത്രി ഉറപ്പു നല്‍കി. പത്തനാപുരം, പവിത്രേശ്വരം, കടയ്ക്കല്‍ എന്നിവിടങ്ങളിലായി മൂന്നു ഏക്കര്‍ സ്ഥലത്താണ് ഭവന സമുച്ചയം ഒരുങ്ങുക. സഹകരണ സംഘങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും പൊതുജനങ്ങളുടെയും സഹായം ഇതിന് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

രണ്ടു ദിവസങ്ങളിലായി ജില്ലയില്‍ നടന്ന അദാലത്ത് പരാതിരഹിതമായി പൂര്‍ത്തീകരിച്ചപ്പോള്‍ സര്‍ക്കാരും ജനങ്ങളുമായുള്ള ബന്ധം ഈടുറ്റതായതായി മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ സ്വപ്ന പദ്ധതിയാണ് സാന്ത്വന സ്പര്‍ശം. ഫയലുകളില്‍ കുരുങ്ങുന്ന ജനങ്ങളുടെ പരാതി പരിഹരിക്കലാണ് ഈ അദാലത്ത് വഴി ലക്ഷ്യം വച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയെക്കുറിച്ചും ചികിത്സാ ധനസഹായ നിധിയെ കുറിച്ചും അറിയാത്തവരാണ് അദാലത്തില്‍ എത്തിയവരില്‍ പലരും. ഇത്തരം ആളുകളെ കണ്ടെത്തി അവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്തു നല്‍കാനും കഴിഞ്ഞതായി മന്ത്രി കൂട്ടിചേര്‍ത്തു.

03-Feb-2021