കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി നടക്കുന്ന കര്‍ഷകസമരത്തിനുള്ള അന്താരാഷ്ട്ര പിന്തുണയെ സ്വാഗതം ചെയ്ത് കര്‍ഷകര്‍. ഓരോ ദിവസം കഴിയുന്തോറും തങ്ങള്‍ ശക്തിപ്പെടുകയാണെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
‘ഉത്തര്‍പ്രദേശില്‍ മഹാപഞ്ചായത്തിന് ലഭിച്ച വലിയ പിന്തുണയ്ക്ക് പിന്നാലെ മധ്യപ്രദേശിലും രാജസ്ഥാനിലും ഹരിയാനയിലും കര്‍ഷകര്‍ മഹാപഞ്ചായത്ത് സംഘടിപ്പിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ കര്‍ഷകര്‍ ഡല്‍ഹി ലക്ഷ്യമാക്കി വരും’, പ്രസ്താവനയില്‍ പറയുന്നു.
കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രണ്ടുമാസത്തിലേറെയായി സമരം ചെയ്യുന്ന കര്‍ഷകരെ പിന്തുണച്ചുകൊണ്ട് പോപ് ഗായിക റിഹാന കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ഇത് വലിയ രീതിയില്‍ ചര്‍ച്ചയാകുകയും ചെയ്തിരുന്നു. റിഹാനയ്ക്ക് പിന്നാലെ പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തന്‍ബര്‍ഗ്, അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ മരുമകള്‍ മീന ഹാരിസ്, മിയ ഖലീഫ തുടങ്ങിയവര്‍ കര്‍ഷക പ്രതിഷേധത്തിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.
ഇതിനോടൊപ്പം തന്നെ ഇവര്‍ ഇന്റര്‍നെറ്റ് സസ്‌പെന്‍ഡ് ചെയ്തതുള്‍പ്പെടെയുള്ള കേന്ദ്ര സര്‍ക്കാരിന്റെ നടപടികളെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.