കെ. സുധാകരന്റെ പ്രസ്താവനക്കെതിരെ എ. വിജയരാഘവൻ

മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസ് നേതാവ് കെ സുധാകരൻ നടത്തിയ പരാമർശം ഹീനമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. പരാമർശത്തിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വിജയരാഘവൻ.

'അത്യന്തം ഹീനമായ പ്രസ്താവനയാണ് കെ സുധാകരൻ നടത്തിയത്. നമ്മുടെ ആധുനിക സമൂഹത്തിൽ സാധാരണ ഉപയോഗിക്കാത്ത ഒരു രീതിശാസ്ത്രമാണ് തന്റെ പ്രസംഗത്തിൽ മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്നതിന് വേണ്ടി സുധാകരൻ സ്വീകരിച്ചത്. കോൺഗ്രസ് ഇതിൽ നിലപാട് വ്യക്തമാക്കണം. മുഖ്യമന്ത്രിയെ അധിക്ഷേപിക്കാൻ ഈ പരിഷ്‌കൃത കാലത്ത് ഇത്തരം വാക്കുകൾ ഉപയോഗപ്പെടുത്തിയത് അപലപിക്കേണ്ട ഒന്നാണ്'- അദ്ദേഹം പറഞ്ഞു.

'സുധാകരൻ കേരളം കടന്നു പോന്ന കാലത്തിന്റെ വഴികളെ കുറിച്ചുള്ള ബോധക്കുറവിൽ നിന്നായിരിക്കും ഇങ്ങനെ സംസാരിച്ചത്. നാട് കുറേ മുന്നേറിയിട്ടുണ്ട്. തൊഴിൽപരമായും വിദ്യാഭ്യാസപരമായും സാംസ്‌കാരികമായും ഒരുപാട് മുന്നേറ്റമുണ്ടായി. ബാക്കിയുള്ളവർ എന്തു പറയുന്നു എന്ന് നോക്കട്ടെ'- വിജയരാഘവൻ കൂട്ടിച്ചേർത്തു.

ശബരിമല വിഷയം തെരഞ്ഞെടുപ്പ് വിജയത്തിലേക്കുള്ള കുറുക്കുവഴിയായി യുഡിഎഫ് കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു. സുപ്രിംകോടതിക്ക് മുമ്പിലുള്ള വിഷയമാണത്. യുഡിഎഫ് സത്യവും അപവാദവും പ്രചരിപ്പിക്കുകയാണ്. പ്രചാരണ ജാഥ വഴി യുഡിഎഫ് വർഗീയ പ്രചാരണം നടത്തുകയാണ്- അദ്ദേഹം കുറ്റപ്പെടുത്തി.

04-Feb-2021