കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷകസമരത്തിൽ വിദേശപിന്തുണ വര്‍ദ്ധിക്കുന്നതിനെതിരെ കേന്ദ്രസര്‍ക്കാര്‍ രംഗത്തു വന്നതിനു പിന്നാലെ പ്രതികരണവുമായി ഭാരത് കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായതിൻ്റെ പ്രതികരണം. പോപ് ഗായിക റിഹാന, സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുൺബെര്‍ഗ് തുടങ്ങിയവര്‍ പിന്തുണയുമാരി രംഗത്തെത്തിയതോടെ അന്താരാഷ്ട്രതലത്തിൽ ഡൽഹിയിലെ കര്‍ഷകസമരം വലിയ പ്രശസ്തിയാര്‍ജിച്ചിരുന്നു.
അതിന് പിന്നാലെയാണ് ഉത്തര്‍ പ്രദേശിൽ നിന്നുള്ള കര്‍ഷക നേതാവായ രാകേഷ് ടികായതിൻ്റെ പ്രതികരണം. സമരത്തെ വിദേശികള്‍ പിന്തുണയ്ക്കുന്നതിൽ തെറ്റില്ലെന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. "ആരാണീ വിദേശികളായ കലാകാരന്മാര്‍? അവര്‍ ഞങ്ങളെ പിന്തുണച്ചിരിക്കാം, പക്ഷെ എനിക്ക് അവരെഅറിയില്ല." അദ്ദേഹം പിടിഐയോടു പറഞ്ഞു. "കുറച്ച് വിദേശികള്‍ പിന്തുണച്ചെന്നു കരുതി എന്താണ് പ്രശ്നം? അവര്‍ എന്തെങ്കിലും കൊണ്ടുവന്നു തരികയോ എടുത്തു കൊണ്ടു പോകുകയോ ചെയ്യുന്നില്ല." അദ്ദേഹം പറഞ്ഞു.
പോപ് ഗായികയായ റിഹാനയുടെ ട്വീറ്റിനു പിന്നാലെയായിരുന്നു നിരവധി അന്താരാഷ്ട്ര നേതാക്കള്‍ കാര്‍ഷിക നിയമങ്ങളെ പിന്തുണച്ച് രംഗത്തെത്തിയത്. യുവ പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുൺബെര്‍ഗ്, അഡൽറ്റ് താരം മിയ ഖലീഫ തുടങ്ങിയവരും പിന്തുണയുമായി എത്തി.