വൈദ്യുതി സേവനങ്ങള്‍ ഇനി മുതൽ വാതില്‍പ്പടിയില്‍

​​’വൈദ്യുതി സേവനങ്ങള്‍ ഇനി മുതൽ വാതില്‍പ്പടിയില്‍’. ഈ പദ്ധതിയുടെ ഭാഗമായി കെഎസ്ഇബിയുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് ആവശ്യമുള്ള വിവിധ സേവനങ്ങള്‍ വൈദ്യുതി ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി നിറവേറ്റും.

കെ.എസ്.ഇ.ബി ഓഫീസില്‍ പോകാതെ തന്നെ വൈദ്യുതി വകുപ്പിന്‍റെ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാൻ കഴിയുന്ന സാഹചര്യം നിലവിൽ ഒരുക്കിയിട്ടുണ്ട്. എന്നാല്‍, സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനുള്ള പരിമിതി ഒരു വിഭാഗം ജനങ്ങളെ ഇതില്‍നിന്നും അകറ്റി നിര്‍ത്തുന്നു. ഇതു കണക്കിലെടുത്താണ് അവര്‍ക്കുകൂടി ഉപകാരപ്പെടുന്ന നിലയില്‍ വൈദ്യുതി വകുപ്പിന്‍റെ സേവനങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ‘വൈദ്യുതി സേവനങ്ങൾ വാതിൽപ്പടിയിൽ’ എന്ന പരിപാടി നടപ്പാക്കാന്‍ തീരുമാനിച്ചത്. പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

ഇനി മുതൽ വൈദ്യുതി വകുപ്പിന്‍റെ എല്ലാ സേവനങ്ങള്‍ക്കുമായി പൊതുജനങ്ങള്‍ക്ക് 1912 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിക്കാം. ബന്ധപ്പെട്ട സെക്ഷന്‍ ഓഫീസില്‍ നിന്നും ഓരോ സേവനത്തിനും ചുമതലപ്പെട്ട ഉദ്യോഗസ്ഥര്‍ അപേക്ഷകനെ നേരിട്ട് വിളിച്ചശേഷം വീട്ടിലെത്തി നിങ്ങളുടെ ആവശ്യം നിറവേറ്റും.

പാലക്കാട് ഇലക്ട്രിക്കല്‍ സര്‍ക്കിളിലെ മുഴുവന്‍ സെക്ഷനുകളിലും കഴിഞ്ഞ ഏതാനും മാസങ്ങളായി പൈലറ്റ് അടിസ്ഥാനത്തില്‍ വാതില്‍പ്പടി സേവനങ്ങള്‍ നടപ്പാക്കിവരികയാണ്. തൃശൂര്‍, പെരുമ്പാവൂര്‍, ആലപ്പുഴ സര്‍ക്കിളുകളിലെ ചില സെക്ഷനുകളിലും സമാനമായ പ്രവര്‍ത്തനം നടന്നിരുന്നു. ഇതിന്‍റെ കാര്യക്ഷമത വിലയിരുത്തിയശേഷമാണ് സംസ്ഥാനത്തെ മുഴുവന്‍ ഇലക്ട്രിക് ഡിവിഷനിലേയും ഒരു സെക്ഷനിലെങ്കിലും ഈ പദ്ധതി ആരംഭിക്കുന്നതിന് തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി അറിയിച്ചു.

07-Feb-2021