ഒടിടി പ്ലാറ്റ്ഫോമുകളെയും നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ

ഒടിടി പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കാൻ കേന്ദ്രം ഉടൻ മാർഗരേഖ പുറത്തിറക്കും. സർക്കാർ വിവിധ ഒടിടി പ്ലാറ്റ്ഫോമുകളുമായി ചർച്ച നടത്തി. ഇന്റർനെറ്റ് മൊബൈൽ അസോസിയേഷൻ മുന്നോട്ടുവച്ച സ്വയം നിയന്ത്രണ നിർദ്ദേശങ്ങൾ നേരത്തെ കേന്ദ്രം തള്ളിയിരുന്നു. നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിന്റെ ഭാഗമായി ഓൺലൈൻ പ്ലാറ്റ്ഫോമുകളെ വാർത്താ വിതരണ മന്ത്രാലയത്തിന് കീഴിലാക്കിയിട്ടുണ്ട്.


രാജ്യത്ത് നിലവിൽ സെൻസർഷിപ്പില്ലാതെ സിനിമകളോ ഡോക്യുമെന്‍ററികളോ വെബ് സീരീസുകളോ പ്രസിദ്ധീകരിക്കാവുന്ന ഓൺലൈൻ വേദികൾ കൂടിയാണ് ഒടിടി പ്ലാറ്റ്‍ഫോമുകൾ. ഓണ്‍ലൈൻ പ്ലാറ്റ്ഫോമുകൾ വഴിയുള്ള സിനിമ, ‍ഡോക്യുമെൻ്ററികൾ, വാര്‍ത്ത, രാഷ്ട്രീയ സംഭവവികാസങ്ങളെ കുറിച്ചുള്ള വിവരണങ്ങളെല്ലാം ഇനി കേന്ദ്ര സര്‍ക്കാര്‍ നിരീക്ഷിക്കും ആവശ്യമെങ്കിൽ നിയന്ത്രണം ഏര്‍പ്പെടുത്തും.

അതിന്‍റെ തുടക്കമായാണ് നെറ്റ്ഫ്ളിക്സ്, ആമസോണ്‍ പ്രൈം പോലുള്ള ഒടിടി പ്ലാറ്റ്ഫോമുകൾ, വാര്‍ത്ത പോര്‍ട്ടലുകൾ എന്നിവയെ വാര്‍ത്താ വിതരണ മന്ത്രാലയത്തിന് കീഴിലാക്കിയുള്ള ഉത്തരവ്. വാര്‍ത്ത പോര്‍ട്ടലുകൾക്കും ഓണ്‍ലൈൻ വിനോദ പ്ലാറ്റ്ഫോമുകൾക്കും ലൈസൻസ് ഉൾപ്പെടെ നിര്‍ബന്ധമാക്കാൻ സാധ്യതയുണ്ട്.

സിനിമകളും ഡോക്യുമെന്‍ററികളും സെൻസറിംഗ് ഇല്ലാതെ ഒടിടി പ്ലാറ്റ്ഫോമുകളിൽ പ്രദര്‍ശിപ്പിക്കുന്നതും നിയന്ത്രിച്ചേക്കും. തത്വത്തിൽ ഓണ്‍ലൈൻ രംഗത്തിന് കേന്ദ്രത്തിന്‍റെ കടിഞ്ഞാണ്‍ വരികയാണ്. ഓണ്‍ലൈൻ പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിലെത്തിയ ഒരു കേസിൽ ചീഫ് ജസ്റ്റിസ് കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചിരുന്നു.

07-Feb-2021