കത്വ ഫണ്ട് വെട്ടിപ്പ്: കുരുക്കിലേക്ക് നീങ്ങുന്ന യൂത്ത് ലീഗും മുസ്ലിം ലീഗും

കത്‍വ കേസുമായി മുബീന്‍ ഫാറൂഖിക്ക് ബന്ധമില്ലെന്ന് അഭിഭാഷക ദീപിക സിംഗ് രജാവത്. കേസ് നടത്തിപ്പിനായി അഭിഭാഷകനായ മുബീന്‍ ഫാറൂഖിക്ക് പണം നല്‍കിയെന്നായിരുന്നു യൂത്ത് ലീഗ് വാദം. കേസ് നടത്തിപ്പിനായി ഒരു അഭിഭാഷകനും പണം വാങ്ങിയിട്ടില്ലെന്നും പബ്ലിക് പ്രോസിക്യൂട്ടർമാരാണ് കേസ് നടത്തുന്നതെന്നും ദീപിക സിംഗ് രജാവത്ത് പറഞ്ഞു.

സുപ്രീം കോടതിയില്‍ കത്‍വ കേസില്‍ പെണ്‍കുട്ടിയുടെ കുടുംബത്തിനായി ഹാജരായത് ദീപിക സിംഗ് രജാവത്തായിരുന്നു. യൂത്ത് ലീഗ് നേതൃത്വത്തിനെതിരെ അഴിമതി ആരോപണവുമായി യൂത്ത് ലീഗ് ദേശീയ സമിതി അംഗമായിരുന്ന യൂസഫ് പടനിലമാണ് രം​ഗത്തെത്തിയത്. കത്വ, ഉന്നാവോ കേസുകളില്‍ പെൺകുട്ടികളുടെ കുടുംബത്തെ സഹായിക്കാൻ സമാഹരിച്ച ഫണ്ടില്‍ വെട്ടിപ്പ് നടത്തിയെന്നായിരുന്നു ആരോപണം.

കത്‍വ കേസിലെ യൂത്ത് ലീഗിന്‍റെ ഫണ്ട് പിരിവ് വിവാദമായപ്പോള്‍ നേതാക്കള്‍ വാര്‍ത്താസമ്മേളനം നടത്തി അറിയിച്ചത് പെണ്‍കുട്ടിയുടെ പിതാവിന് അഞ്ച് ലക്ഷം രൂപയും അഭിഭാഷകര്‍ക്ക് ഒമ്പതര ലക്ഷത്തോളം രൂപയും നല്‍കിയെന്നാണ്. അഭിഭാഷകന്‍ മുബീന്‍ ഫാറൂഖിക്ക് കേസ് നടത്തിപ്പിനായി പണം കൈമാറിയെന്നാണ് യൂത്ത് ലീഗ് നേതാക്കള്‍ അറിയിച്ചത്. എന്നാല്‍ മുബീന്‍ ഫാറൂഖി കേസുമായി ബന്ധപ്പെട്ട് ഒരു കോടതിയിലും ഹാജരായിട്ടില്ലെന്നാണ് ദീപിക സിംഗ് പറയുന്നത്.

07-Feb-2021