ഉത്തരാഖണ്ഡിലെമഞ്ഞുമല ദുരന്തം; റെഡ് അലർട്ടും മിന്നൽ പ്രളയ മുന്നറിയിപ്പും നൽകി

ഉത്തരാഖണ്ഡിലെ ചമോലിയിൽ മഞ്ഞുമല തകര്‍ന്നുണ്ടായ ദുരന്തത്തിന്റെ തോത് വളരെ വലുതെന്ന് റിപ്പോര്‍ട്ടുകള്‍. ദുരന്തത്തിന്റെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളുമാണ് പുറത്തുവരുന്നത്. നദിക്കരയിൽ നിന്നും വീടുകളും മറ്റും ഒലിച്ചു പോകുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവരുന്നുണ്ട്. ദുരന്തത്തിന് പിന്നാലെ റെഡ് അലർട്ടും മിന്നൽ പ്രളയ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. മഞ്ഞുമല ഇടിഞ്ഞുണ്ടായ അപകടത്തിൽ ധൗളിഗംഗ, അളകനന്ദ നദികളുടെ തീരത്താണ് ശക്തമായ വെള്ളപ്പൊക്കമുണ്ടായത്.

ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ റെനി ഗ്രാമത്തിലാണ് മഞ്ഞുമല ഇടിഞ്ഞു വീണത്. ഞായറാഴ്ച രാവിലെയോടെ അലക്നന്ദ, ധൗലിഗംഗ നദികളിൽ വൻ വെള്ളപ്പൊക്കമാണുണ്ടായിരിക്കുന്നത്. ദുരന്തനിവാരണ സേനകള്‍ പ്രദേശത്ത് രക്ഷാ പ്രവര്‍ത്തനം ഊ‍ർജിതമാക്കിയിട്ടുണ്ട്. മഞ്ഞുമല തകര്‍ന്നുണ്ടായ ദുരന്തത്തിൽ ഗംഗയിൽ വെള്ളമുയര്‍ന്ന പശ്ചാത്തലത്തിൽ ഉത്തരാഖണ്ഡിലെ നാല് ജില്ലകള്‍ക്കും വിവിധ പ്രദേശങ്ങളിലും കനത്ത ജാഗ്രതാ നിര്‍ദ്ദേമാണ് നൽകിയിരിക്കുന്നത്.

ഋഷികേശ്, ഹരിദ്വാര്‍, വിഷ്ണുപ്രയാഗ്, ജോഷിമഠ്, കര്‍ണപ്രയാഗ്, രുദ്രപ്രയാഗ്, ശ്രീനഗര്‍ എന്നിവിടങ്ങളിലും കനത്ത ജാഗ്രതാ നിര്‍ദ്ദേശമാണ് നൽകിയിരിക്കുന്നത്. അളകനന്ദ, ധൗളിഗംഗ തീരപ്രദേശങ്ങളിലേക്ക് ഒരു കാരണവശാലും പോകരുതെന്നും ഉത്തരാഖണ്ഡ പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ദുരന്തത്തിൽ ധൗളിഗംഗ തീരത്തെ ചില വീടുകള്‍ പൂർണമായും തകര്‍ന്നിട്ടുണ്ട്. അതിന് പുറമെ, പ്രദേശത്തുള്ള ഋഷിഗംഗ പവര്‍ പ്രോജക്ടിന്റെ ഡാം സൈറ്റ് ഭാഗികമായി തകര്‍ന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡാം സൈറ്റിൽ ജോലി ചെയ്യുന്ന തൊഴിലാളികള്‍ അടക്കം 150 ഓളം പേരെ കാണാനില്ലെന്നാണ് സ്ഥലത്ത് നിന്ന് ലഭിക്കുന്ന പ്രാഥമികമായ വിവരം. ജോഷിമഠിൽ നിന്നും 26 കിലോമീറ്റര്‍ ദൂരെയാണ് സംഭവമുണ്ടായ റെനിയെന്ന ഗ്രാമം.

07-Feb-2021