പരിസ്ഥിതി ലോല മേഖല; ഭേദഗതി ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

സംസ്ഥാനത്തെ വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള 118.59 ചതുരശ്ര കിലോമീറ്റർ സ്ഥലം പരിസ്ഥിതി ലോല മേഖലയാക്കുന്നതിനുള്ള കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് വിജ്ഞാപനത്തിൽ ഭേദഗതി വരുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കത്തയച്ചു.

പ്രദേശത്തെ മേഖലയിൽ ജീവിക്കുന്ന ജനങ്ങളുടെ ന്യായമായ ആശങ്ക കണക്കിലെടുത്ത് വിജ്ഞാപനത്തിൽ ഭേദഗതി ചെയ്യണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. കേരളാ സർക്കാർ 2020 ജനവരിയിൽ സമർപ്പിച്ച ഭേദഗതി ചെയ്ത ശുപാർശ പ്രകാരം 88.2 ചതുരശ്ര കിലോമീറ്ററാണ് പരിസ്ഥിതി ലോല മേഖലയായി വിജ്ഞാപനം ചെയ്യേണ്ടത്. പക്ഷെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം 118.59 ചതുരശ്ര കിലോമീറ്ററാണ് ഉൾപ്പെടുത്തിയത്.

പരിസ്ഥിതി ലോല മേഖലകൾ വിജ്ഞാപനം ചെയ്യുമ്പോൾ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങൾ ഒഴിവാക്കണമെന്നാണ് കേരളം സ്വീകരിച്ചിട്ടുള്ള നിലപാട്. അതു കണക്കിലെടുത്ത് തോൽപ്പെട്ടി, കാട്ടിക്കുളം, പനവല്ലി, കുറുക്കൻമൂല, ചാലിഗഡ, കാപ്പിസ്‌റ്റോർ, ചീയാമ്പം, മൂടക്കൊല്ലി, ചീരാൽ എന്നീ പ്രദേശങ്ങൾ ഒഴിവാക്കണം.

08-Feb-2021