ഉത്തരാഖണ്ഡിലെ മഞ്ഞുമല ദുരന്തം; കൂടുതല്‍ പഠനത്തിനായി പ്രത്യേക സംഘം
അഡ്മിൻ
ഉത്തരാഖണ്ഡിലെ ചമോലിയിലെ മഞ്ഞുമല ദുരന്തത്തിൽ ആശ്ചര്യപ്പെട്ട് ഗവേഷണരംഗത്തെ വിദഗ്ധർ. ശൈത്യകാലത്ത് കേട്ടുകേൾവി പോലുമില്ലാത്ത ദുരന്തമാണിപ്പോൾ സംഭവിച്ചിരിക്കുന്നതെന്നാണ് വിദഗ്ധർ പറയുന്നത്. ഇതു സംബന്ധിച്ച് കൂടുതൽ പഠിക്കുന്നതിനായി ഡി.ആർ.ഡി.ഒയുടെ ഡിഫൻസ് ജിയോഇൻഫർമാറ്റിക് റിസർച് എസ്റ്റാബ്ലിഷ്‌മെന്റിലെ (ഡി.ജി.ആർ.ഇ) പ്രത്യേക സംഘം ജോഷിമഠിലേക്കു തിരിച്ചു.
ഇന്ത്യ-ചൈന അതിർത്തിയിലെ തപോവന മേഖലയിൽ സംഭവിച്ചത് മഞ്ഞുമലകൾക്കിടയിൽ രൂപംകൊണ്ട തടാകം പൊട്ടിയുണ്ടായ ദുരന്തമാണെന്ന വിലയിരുത്തലാണ് വിദഗ്ധർ നൽകുന്നത്. മൈനസ് 20 ഡിഗ്രിയിൽ പ്രദേശമാകെ മഞ്ഞുമൂടി കിടക്കുകയാണ്.
"മഞ്ഞുരുകാത്ത ശീതകാലത്താണ് ഇത്തരം തടാകങ്ങൾ രൂപപ്പെടുക. അപൂർവമായതാണ് സംഭവിച്ചിരിക്കുന്നത്. 50 വർഷത്തിനിടെ ഇത്തരമൊന്ന് ഞാൻ കണ്ടിട്ടില്ല" - ഒരു പ്രതിരോധ ശാസ്ത്രജ്ഞൻ പറഞ്ഞു. അതേസമയം തന്നെ അട്ടിമറി സാധ്യതയും തള്ളിക്കളയാനാവില്ല. മലമുകളിലെ പോരാട്ടവേദികളിൽ ലഭ്യമായ മഞ്ഞുതടാകങ്ങളെ ശത്രുവിനെതിരെ പ്രയോഗിക്കുന്ന സേനകളുണ്ട്.
അപ്രതീക്ഷിത പ്രളയത്തിൽ റേനി ഗ്രാമത്തിലെ ഋഷിഗംഗ ജലവൈദ്യുത പദ്ധതിക്കു കാര്യമായ കേടുപാടു സംഭവിച്ചിട്ടുണ്ട്. സുപ്രധാനമായ ഒരു പദ്ധതിയെ തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി നിശ്ചിത അകലത്തിൽ നിന്ന് മഞ്ഞുതടാകം പൊട്ടിച്ചുവിടാനുള്ള സ്‌ഫോടനം നടത്തിയതാണോ എന്നും പരിശോധിക്കുന്നുണ്ട്. ഡി.ആർ.ഡി.ഒയുടെ ചണ്ഡിഗഡ് ആസ്ഥാനമായ സ്‌നോ ആൻഡ് അവലാഞ്ച് സ്റ്റഡി എസ്റ്റാബ്ലിഷ്‌മെന്റിനെ (എസ്എഎസ്ഇ) ഇക്കാര്യം പരിശോധിക്കുന്നതിനായി നിയോഗിച്ചിട്ടുണ്ട്.