25ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്ന് നിശാഗന്ധിയിൽ തുടക്കം

25ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്ന് നിശാഗന്ധിയിൽ തുടക്കമാകും. മാസ്‌കിട്ട്, ഗ്യാപ്പിട്ട്, സാനിട്ടൈസർ പുരട്ടിയ കൈകളുമായിരിക്കുന്ന ചലച്ചിത്ര പ്രേമികളുടെ മുന്നിലേക്കാണ് ഇന്ന് ചലച്ചിത്ര ചകോരം പറന്നിറങ്ങുക. ചരിത്രത്തിലാദ്യമായി നാലിടങ്ങളിലായി നടക്കുന്നെന്ന പ്രത്യേകതയും ഇത്തവണത്തെ മേളയ്ക്കുണ്ട്. തിരുവനന്തപുരത്തു നടക്കുന്ന മേളയുടെ ഉദ്ഘാടനം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വൈകീട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഇത്തവണത്തെ ലൈഫ് ടൈം അച്ചീവ്മെന്റ് നേടിയ ഷീൻലുക് ഗൊദാർദിനുവേണ്ടി സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പുരസ്‌കാരം ഏറ്റുവാങ്ങും

മന്ത്രി എ.കെ. ബാലൻ അദ്ധ്യക്ഷനാകും. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ മുഖ്യാതിഥിയാകും. തുടർന്ന് മേളയുടെ ഉദ്ഘാടന ചിത്രമായി ജാസ്മില സബാനിക് സംവിധാനം ചെയ്ത ബോസ്‌നിയൻ ചിത്രം ക്വോ വാഡിസ്, ഐഡ പ്രദർശിപ്പിക്കും.

എം.എൽ.എ മാരായ വി.കെ. പ്രശാന്ത്, മുകേഷ്, സാംസ്‌കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണിജോർജ്, ചലച്ചിത്ര അക്കാഡമി മുൻ ചെയർമാൻ ടി.കെ. രാജീവ് കുമാർ, അക്കാഡമി ചെയർമാൻ കമൽ, വൈസ് ചെയർ പേഴ്‌സൺ ബീനാപോൾ, സെക്രട്ടറി അജോയ് ചന്ദ്രൻ തുടങ്ങിയവരും പങ്കെടുക്കും. മുപ്പതിലേറെ രാജ്യങ്ങളിൽനിന്നുള്ള 80 ചിത്രങ്ങൾ പ്രദർശനത്തിനെത്തും. മത്സരവിഭാഗത്തിൽ 14 ചിത്രങ്ങളാണുള്ളത്. കലൈഡോസ്‌കോപ്പ് വിഭാഗത്തിൽ സംസ്ഥാന പുരസ്‌കാരത്തിന് അർഹമായ വാസന്തി, ബിരിയാണി എന്നീ ചിത്രങ്ങളും പ്രദർശിപ്പിക്കും. ഇത്തവണ സംവാദവേദിയും ഓപ്പൺഫോറവും ഓൺലൈനിലാണ്.

ആദ്യദിനം നാലു മത്സരച്ചിത്രങ്ങളടക്കം പതിനെട്ടുചിത്രങ്ങൾ പ്രദർശിപ്പിക്കും. മത്സരവിഭാഗത്തിൽ ആദ്യം ബഹ്‌മെൻ തവോസി സംവിധാനംചെയ്ത 'ദി നെയിംസ് ഓഫ് ദ് ഫ്‌ളവേഴ്സ്' എന്ന ചിത്രമാണ് പ്രദർശിപ്പിക്കുന്നത്. ഷീൻലുക് ഗൊദാർദിനോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ ആറു ചിത്രങ്ങൾ പ്രദർശിപ്പിക്കും. തിരുവനന്തപുരത്ത് 10 മുതൽ 14 വരെയും കൊച്ചിയിൽ 17 മുതൽ 21 വരെയും തലശ്ശേരിയിൽ 23 മുതൽ 27 വരെയും പാലക്കാട്ട് മാർച്ച് ഒന്നുമുതൽ അഞ്ചുവരെയുമാണ് മേള.

10-Feb-2021