പത്ത് ദിവസത്തിനിടെ നാലാം തവണയും വര്‍ദ്ധിച്ച് ഇന്ധന വില
അഡ്മിൻ
ഇന്ധന വില വീണ്ടും വര്‍ദ്ധിപ്പിച്ച് കമ്പനികള്‍. തുടർച്ചയായ മൂന്നാം ദിവസമാണ് ഇന്ധന വില കൂട്ടുന്നത്. എട്ടു മാസത്തിനിടെ 16 രൂപയിലേറെയാണ് ഇന്ധന വില കൂടിയത്. കേരളത്തില്‍ ഗ്രാമീണ മേഖലകളിൽ പെട്രോൾ വില 90 ന് മുകളിലാണ്. പെട്രോൾ ലിറ്ററിന് 30 പൈസയും ഡീസൽ ലിറ്ററിന് 26 പൈസയുമാണ് ഇന്ന് കൂടിയത്. കൊച്ചിയില്‍ പെട്രോൾ വില 87 രൂപ 76 പൈസയും ഡീസൽ വില 81രൂപ 99 പൈസയുമായി.
കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം നഗരത്തിൽ 89രൂപ 48 പൈസ ആണ് പെട്രോൾ വില. ഡീസൽ 83 രൂപ 63 പൈസ. രാജ്യത്തെ ചില്ലറ ഇന്ധന വില ഇപ്പോൾ 2018 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലാണ്. നവംബർ 19 മുതലാണ് എണ്ണ വിപണന കമ്പനികൾ പെട്രോളിന്റെയും ഡീസലിന്റെയും വില വർദ്ധിപ്പിക്കാൻ തുടങ്ങിയത്. അതിന് മുമ്പ് രണ്ട് മാസത്തോളം ഇന്ധന വില മാറ്റമില്ലാതെ തുടരുകയായിരുന്നു.
2018 ല്‍ പെട്രോള്‍, ഡീസല്‍ വില കുതിച്ച് കയറിയപ്പോള്‍ സര്‍ക്കാര്‍ ചില നടപടികള്‍ സ്വീകരിച്ചിരുന്നു. പെട്രോളിന്റേയും ഡീസലിന്റേയും എക്‌സൈസ് തീരുവ ലിറ്ററിന് ഒന്നര രൂപ വീതം കുറയ്ക്കുകയായിരുന്നു അന്ന് ചെയ്തത്. ഇതു കൂടാതെ സര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ ലിറ്ററിന് ഒരു രൂപ കുറയ്ക്കുകയും ചെയ്തു.