രാമക്ഷേത്ര നിര്‍മ്മാണത്തിന് 51 ലക്ഷം രൂപ സംഭാവന നൽകി കോൺഗ്രസ് എം.എൽ.എ

അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് 51 ലക്ഷം രൂപ സംഭാവന ചെയ്ത് റായ്ബറേലി കോൺഗ്രസ് എം.എൽ.എ അദിതി സിങ്. തുക കൈമാറുന്നതിന്റെ ചിത്രം ട്വിറ്റർ വഴി അദിതി പങ്കുവച്ചു. 'എന്റെ ടീമിന്റെയും അനുയായികളുടെയും സംഭാവനയാണ് വിഎച്ച്പിക്ക് നൽകുന്നത്. എല്ലാവരും ഇതിൽ പങ്കാളികളായിട്ടുണ്ട്' - അവർ ട്വിറ്ററിൽ എഴുതി.

സംസ്ഥാന കോൺഗ്രസ് നേതൃത്വവുമായി അകന്നു കഴിയുന്ന നേതാവാണ് അദിതി സിങ്. ഗാന്ധി കുടുംബവുമായി ഏറെ അടുപ്പം പുലർത്തിയിരുന്ന ഇവർ ഈയിടെ പല തവണ സോണിയാ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും വിമർശിച്ച് രംഗത്തെത്തിയിരുന്നു. സോണിയാ ഗാന്ധിയുടെ ലോക്‌സഭാ മണ്ഡലമാണ് റായ്ബറേലി. കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ കോൺഗ്രസ് വിജയിച്ച ഏക മണ്ഡലവും ഇതാണ്.

10-Feb-2021