സംസ്ഥാനത്തെ മലയോര ഹൈവേ 110 കിലോമീറ്റർ കമ്മീഷൻ ചെയ്തു

ലയോര ഹൈവേയുടെ 110 കിലോമീറ്ററിന്റെ സമർപ്പണ ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ തെക്കു വടക്ക് ഭാഗങ്ങളെ മലയോര പ്രദേശങ്ങളിലൂടെ ബന്ധിപ്പിക്കുന്ന സർക്കാരിന്റെ സ്വപ്‌ന പദ്ധതിയാണ് മലയോര ഹൈവേയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കാസർകോട് ജില്ലയിലെ നന്ദാരപ്പടവു മുതൽ തിരുവനന്തപുരം ജില്ലയിലെ പാറശാല വരെ 1251 കിലോമീറ്റർ ദൈർഘ്യമാണ് മലയോര ഹൈവേയ്ക്കുള്ളത്.

നന്ദാരപ്പടവു മുതൽ ചേവാർ ഭാഗം വരെയും കണ്ണൂർ ചെറുപുഴ മുതൽ വള്ളിത്തോടു വരെയുമുള്ള ഭാഗമാണ് ഇപ്പോൾ ഉദ്ഘാടനം ചെയ്യുന്നത്. ഓർക്കാടി, മീഞ്ച, ബൈവളിഗ പഞ്ചായത്തുകളിലൂടെ കടന്നു പോകുന്ന റോഡിന് 23 കിലോമീറ്റർ നീളമാണുള്ളത്. 54.76 കോടി രൂപയുടെ ഭരണാനുമതിയും 54.53 കോടി രൂപയുടെ സാങ്കേതികാനുമതിയും നൽകി. കർണാടകയെയും കേരളത്തെയും ബന്ധിപ്പിക്കുന്ന വാണിജ്യ പ്രാധാന്യമുള്ള റോഡായി ഇത് മാറുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കാസർകോടിന്റെ സമഗ്ര വികസനത്തിനും ഈ പാത ഉപകരിക്കും. പയ്യന്നൂർ, തളിപ്പറമ്പ്, ഇരിക്കൂർ, പേരാവൂർ എന്നിവിടങ്ങളിലൂടെ കടന്നു വരുന്ന പാതയ്ക്ക് 59.42 കിലോമീറ്റർ നീളമുണ്ട്. 191.54 കോടി രൂപയാണ് നീക്കി വച്ചത്. ഈ സർക്കാർ അധികാരമേറ്റതിനു ശേഷമുള്ള വൻകിട പദ്ധതികളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് മലയോര ഹൈവേയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

 

11-Feb-2021