കര്‍ഷക സമരം; ട്വിറ്ററിന് നേര്‍ക്ക് കേന്ദ്രത്തിന്റെ ഭീഷണി

ഇന്ത്യയില്‍ നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന സ്ഥാപനം സ്വന്തം നിയമത്തെക്കാള്‍ രാജ്യത്തെ നിയമം പാലിക്കാന്‍ ബാധ്യസ്ഥരാണെന്ന് കേന്ദ്രം ട്വിറ്ററിനോട് . അതിനാല്‍ തന്നെ തങ്ങള്‍ നിര്‍ദ്ദേശിച്ച മുഴുവന്‍ അക്കൗണ്ടുകളും ഉടന്‍ റദ്ദാക്കണമെന്ന് കേന്ദ്രം ആവര്‍ത്തിച്ചു.

കര്‍ഷക വംശഹത്യ എന്ന ഹാഷ്ട് ടാഗ് ഉപയോഗിച്ചത് അഭിപ്രായ സ്വാതന്ത്ര്യമോ മാധ്യമ സ്വാതന്ത്ര്യമോ അല്ലെന്നാണ് ട്വിറ്റര്‍ പ്രതിനിധികളുമായുള്ള ഓണ്‍ലൈന്‍ കൂടിക്കാഴ്ചയില്‍ ഐ.ടി സെക്രട്ടറി പറഞ്ഞത്. അതേസമയം, തങ്ങള്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം തുടരാന്‍ ട്വിറ്റര്‍ ആഗ്രഹിക്കുന്നെന്നും രാജ്യത്തിന്റെ നിയമങ്ങളെ മാനിക്കുന്നുമെന്നുമാണ് ട്വിറ്റര്‍ പ്രതിനിധികള്‍ ഇതിനോട് പ്രതികരിച്ചത്.

കേന്ദ്രസര്‍ക്കാര്‍ നല്‍കിയ നിര്‍ദ്ദേശപ്രകാരം കഴിഞ്ഞ ദിവസം ട്വിറ്റര്‍ 500 ലധികം ഉപയോക്താക്കളുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്തതായി റിപ്പോര്‍ട്ട് വന്നിരുന്നു. കേന്ദ്ര സര്‍ക്കാര്‍ കമ്പിനിക്ക് വലിയ പിഴ ചുമത്തിയേക്കുമെന്നും മേലുദ്യോഗസ്ഥരെയടക്കം അറസ്റ്റ് ചെയ്‌തേക്കുമെന്നുമുള്ള ഭയത്തിലാണ് കേന്ദ്രത്തിന്റെ നിര്‍ദ്ദേശം അതേപടി ട്വിറ്റര്‍ നടപ്പാക്കിയതെന്നാണ് ലഭ്യമാകുന്ന വിവരം.

11-Feb-2021