ബി.ജെ.പിക്ക് തിരിച്ചടി; പ്രവര്‍ത്തകര്‍ കൂട്ടമായി സി.പി.ഐ.എമ്മിലേക്ക്
അഡ്മിൻ
സംസ്ഥാനത്ത് നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ അട്ടിമറി വിജയം നേടിയ പന്തളത്ത് ബി.ജെ.പിക്ക് വീണ്ടും തിരിച്ചടിയായി പ്രവര്‍ത്തകര്‍ കൂട്ടമായി സി.പി.എമ്മില്‍ ചേര്‍ന്നു. 30 ലധികം ആര്.എസ്.എസ് - ബി.ജെ.പി പ്രവര്‍ത്തകരാണ് സി.പി.ഐ.എമ്മിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്.
സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന് പന്തളത്തെത്തി പ്രവര്‍ത്തകരെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. കോടതി വിധിയെ തുടര്‍ന്നുള്ള ശബരിമല പ്രക്ഷോഭങ്ങള്‍ക്ക് തുടക്കമിട്ട നാമജപഘോഷയാത്രയുടെ പ്രധാന സംഘാടകനും അയ്യപ്പ ധര്‍മ സംരക്ഷസമിതി ചെയര്‍മാനുമായ എസ്. കൃഷ്ണകുമാര്‍, ബാലഗോകുലം താലൂക്ക് സെക്രട്ടറി അജയകുമാര്‍, പന്തളത്തെ പ്രധാന നേതാക്കളായ എം.സി സദാശിവന്, എം. ആര് മനോജ് കുമാര്‍, സുരേഷ്, ശ്രീലത തുടങ്ങിയവരുടെ നേതൃത്വത്തില്‍ 30 ലേറെ പ്രവര്‍ത്തകരാണ് സി.പി.ഐ.എമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്.
കഴിഞ്ഞ ദിവസം പന്തളം ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന് നേരിട്ടെത്തി ഇവരെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. ഹിന്ദുത്വം പ്രാവര്‍ത്തികമാക്കാന്‍ നരേന്ദ്രമോദിയോട് രാഹുല്‍ ഗാന്ധി മത്സരിക്കുകയാണെന്നും ആ മത്സരത്തില്‍ കോണ്‍ഗ്രസ് തന്നെ വിജയിക്കുമെന്നും വിജയരാഘവന് പരിഹസിച്ചു.
പന്തളത്ത് വര്‍ഷങ്ങളായി ബി.ജെ.പി വോട്ട് കച്ചവടം നടത്തുകയാണെന്നും അതിനെതിരായ പോരാട്ടമാണ് തന്നെ പാര്‍ട്ടി വിടാന്‍ പ്രേരിപ്പിച്ചതെന്നും ബി.ജെ.പി വിട്ട് സി.പി.ഐ.എമ്മിലെത്തിയ എസ്. കൃഷ്ണകുമാര്‍ പറഞ്ഞു.