ഭീമ കൊറഗാവ്; സാമൂഹികപ്രവര്‍ത്തകരുടെ നേര്‍ക്കുള്ള കേസുകള്‍ പിന്‍വലിക്കണം: സി.പി.ഐ.എം

മഹാരാഷ്ട്രയിലെ ഭീമ കൊറഗാവ് കേസില്‍ അറസ്റ്റിലായ സാമൂഹികപ്രവര്‍ത്തകരുടെ പേരില്‍ എടുത്തിരിക്കുന്ന കേസുകള്‍ പിന്‍വലിക്കണമെന്ന് സി.പി.ഐ.എം പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു. സാമൂഹികപ്രവര്‍ത്തകന്‍ റോണ വില്‍സന്റെ ലാപ്ടോപ്പില്‍ നിന്നും കണ്ടെത്തിയ രേഖകള്‍ ഹാക്കര്‍മാര്‍ മുഖാന്തരം സ്ഥാപിച്ചതാണെന്ന ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന പശ്ചാത്തലത്തിലാണ് പി.ബി ഇത് സംബന്ധിച്ച് നിലപാട് എടുത്തത്.

സംഭവത്തില്‍ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് മഹാരാഷ്ട്ര സര്‍ക്കാരിനോട് പി.ബി ആവശ്യപ്പെട്ടു. ഭീമ കൊറേഗാവ് കേസില്‍ ആദ്യം അറസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തിയാണ് റോണ വില്‍സണ്‍. വില്‍സണ് പുറമെ 15 മനുഷ്യാവകാശ പ്രവര്‍ത്തകരെയാണ് ഇതുവരെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തിരിക്കുന്നത്.

റോണ വില്‍സന്റെ ലാപ്‌ടോപില്‍ കുറ്റം തെളിയിക്കുന്നതിനാവശ്യമായ തെളിവുകള്‍ ഹാക്കറെ ഉപയോഗിച്ച് തിരുകികയറ്റിയതാണെന്ന് മസാച്യുസെറ്റ്‌സിലെ ഡിജിറ്റല്‍ ഫോറന്‍സിക് ഫേം പറഞ്ഞിരുന്നു. വാഷിംഗ്ടണ്‍ പോസ്റ്റ് ആണ് ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തത്.

റോണയുടെ ലാപ്‌ടോപില്‍ നിന്ന് നരേന്ദ്രമോദിയെ വധിക്കാനുള്ള ഗൂഢാലോചന സംബന്ധിച്ച കത്തും പിടിച്ചെടുത്തതായി പോലീസ് പറഞ്ഞിരുന്നു. ‘രാജീവ് ഗാന്ധി വധത്തിനു സമാനമായ ഓപ്പറേഷനിലൂടെ’ മോദിയെ കൊല്ലാന്‍ പദ്ധതിയിട്ടു എന്നാണ് ആരോപണം.

12-Feb-2021