ഇടതുപക്ഷം ചുരുങ്ങുകയല്ല, വളരുകയാണ്: സീതാറാം യെച്ചൂരി

ഇന്ത്യയില്‍ ഇടതുപക്ഷം ചുരുങ്ങുകയല്ല, മറിച്ച് വളരുകയാണെന്ന് സി.പി.ഐ.എം ജറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പാര്‍ട്ടി മുന്നോട്ടുവെക്കുന്ന ആശയങ്ങള്‍ രാജ്യത്തെ യുവതയെ ആകര്‍ഷിക്കുന്നുണ്ടെന്നും പശ്ചിമ ബംഗാളില്‍ ബി.ജെ.പിയെ തോല്‍പ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ഭരണ കക്ഷിയായ ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ എന്തുകൊണ്ട് എല്ലാവര്‍ക്കും ഒരുമിച്ചു നിന്നുകൂടാ എന്ന് പലരുംചോദിക്കുന്നുണ്ട്. എന്നാല്‍ ഭരണ വിരുദ്ധ വികാരം വോട്ടാക്കി മാറ്റിയതുകൊണ്ടാണ് കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ജയിക്കാന്‍ സാധിച്ചത്. അവരെപരാജയപ്പെടുത്തണമെങ്കില്‍ ജനങ്ങള്‍ക്ക് വിശ്വാസയോഗ്യമായ മറ്റൊരുവഴി വേണമെന്നും ഇന്ത്യാ ടുഡെ കോണ്‍ക്ലേവ് 2021ല്‍ സംസാരിക്കവേ യെച്ചൂരി പറഞ്ഞു.

ഇപ്പോള്‍ പശ്ചിമ ബംഗാളില്‍ തൃണമൂല്‍ പാര്‍ട്ടിയില്‍ നിന്നും നേതാക്കള്‍ ഭൂരിഭാഗവും ബി.ജെ.പിയിലേക്ക് ചേരുന്നു. ജനങ്ങള്‍ക്കിടയിലെ തൃണമൂലിന്റെ ഭരണവിരുദ്ധത തന്നെയാണ് ഇതിന് പ്രധാന കാരണം. ഈ സാഹചര്യത്തിലാണ് ബി.ജെ.പി വിജയിക്കുന്നത്. ബംഗാളിലെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു തൂക്ക് മന്ത്രിസഭയ്ക്ക് സാധ്യതയുണ്ടെങ്കില്‍ തീര്‍ച്ചയായും തൃണമൂല്‍ ബി.ജെ.പി കൂട്ടുകെട്ട് വീണ്ടും ഉണ്ടാകുമെന്നും യെച്ചൂരി പറഞ്ഞു.

13-Feb-2021