മാണി സി.കാപ്പൻ പോയാലും പാലായിൽ ഒന്നും സംഭവിക്കില്ല: മന്ത്രി എം.എം മണി

ഇടതുമുന്നണിയിൽ നിന്നും മാണി സി.കാപ്പൻ പോയാലും പാലായിൽ ഒന്നും സംഭവിക്കില്ലെന്ന് മന്ത്രി എം.എം മണി. കാപ്പന് കുടുംബ പേര് മാത്രമെയുള്ളൂ. സംസ്ഥാനത്തെ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കാപ്പൻ എൽ.ഡി.എഫിനെതിരെയാണ് പ്രവർത്തിച്ചത്. സിനിമാക്കാരുടെ പിറകെ നടന്നാൽ പാർട്ടിയിൽ പരിഗണന ലഭിക്കില്ലെന്നും മന്ത്രി പറഞ്ഞു.

അതേസമയം, മാന്യതയില്ലാത്ത രാഷ്ട്രീയ നിലപാടാണ് കാപ്പന്‍റേതെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ പ്രതികരിച്ചു. കാലുമാറ്റമാണ് കാപ്പൻ നടത്തിയത്. എൻ.സി.പി ഇടുതുമുന്നണിയിൽ തന്നെ ഉണ്ടാവും. എല്‍.ഡി.എഫ് സ്ഥാനാർഥി തന്നെ പാലായില്‍ ഇനിയും ജയിക്കുമെന്നും വിജയരാഘവൻ പ്രതികരിച്ചു.

താൻ എല്‍.ഡി.എഫ് വിട്ടെന്ന് പാലാ എം.എല്‍.എ മാണി സി കാപ്പന്‍ പറഞ്ഞിരുന്നു. യു.ഡി.എഫില്‍ ഘടക കക്ഷിയാകും. എന്‍.സി.പി എല്‍.ഡി.എഫ് വിടുമോയെന്ന് ശരദ് പവാറും പ്രഫുല്‍ പട്ടേലും ഇന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കും. അതിന് ശേഷമായിരിക്കും പുതിയ പാര്‍ട്ടി രൂപീകരിക്കണോ എന്ന് തീരുമാനിക്കുകയെന്നും മാണി സി കാപ്പന്‍ പറയുകയുണ്ടായി.

13-Feb-2021