ഗോ ബാക്ക് മോദി; പ്രധാനമന്ത്രിയുടെ കേരള - തമിഴ്‌നാട് സന്ദർശനങ്ങളിൽ പ്രതിഷേധം

പ്രധാനമന്ത്രിയുടെ കേരളത്തിലേക്കും തമിഴ്‌നാട്ടിലേക്കുമുള്ള സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് മലയാളികളും തമിഴ് ജനതയും. ഗോ ബാക്ക് മോദി, ഗോ ബാക്ക് ഫാസിസ്റ്റ് മോദി എന്നീ ഹാഷ് ടാഗുകളാണ് ട്വിറ്ററില്‍ ട്രെന്‍ഡിംഗ്. കര്‍ഷക സമര, ഇന്ധന വില വര്‍ദ്ധനവ്, ഹാത്രാസ് സംഭവം തുടങ്ങിയ വിഷയങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. ലോക്ഡൗണ്‍ സമയത്ത് അതിഥി സംസ്ഥാന തൊഴിലാളികള്‍ നേരിട്ട ബുദ്ധുമുട്ടും ചിലര്‍ ചൂണ്ടിക്കാട്ടി.

ഹിന്ദിക്കാര്‍ മറന്നേക്കാം പക്ഷെ തമിഴര്‍ ഒരിക്കലും മറക്കില്ലെന്നാണ് ലോക്ഡൗണ്‍ സമയത്ത് മരണത്തോട് മല്ലിടുന്ന മകനെ അവസാനമായി കാണാന്‍ കഴിയാതെ പൊട്ടിക്കരയുന്ന അതിഥി സംസ്ഥാന തൊഴിലാളിയുടെ ഫോട്ടോ പങ്കുവെച്ചു കൊണ്ട് ഒരു ട്വിറ്റര്‍ യൂസര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. തമിഴ്‌നാട് കര്‍ഷക സമരത്തെ പിന്തുണയ്ക്കുന്നെന്ന ട്വീറ്റുകളും നിരവധിയാണ്. കേരളീയരും തമിഴരും ഒരേ സ്വരത്തില്‍ മോദിയോട് മുഖം തിരിക്കുന്നെന്ന് ചിലര്‍ ട്വിറ്ററില്‍ ചൂണ്ടിക്കാട്ടുന്നു.

6100 കോടി രൂപയുടെ കേന്ദ്രാവിഷ്‌കൃത വികസന പദ്ധതികളുടെ സമര്‍പ്പണത്തിനായാണ് പ്രധാനമന്ത്രി ഇന്ന് കൊച്ചിയിലെത്തുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളായ ബിപിസിഎല്‍ കൊച്ചി റിഫൈനറി, കൊച്ചി പോര്‍ട്ട് ട്രസ്റ്റ്, ഷിപ് യാഡ്, ഫാക്ട് എന്നിവയുടെ പദ്ധതികളുടെ സമര്‍പ്പണാണ് നടക്കുന്നത്. ഒപ്പം ബിജെപി കോര്‍കമ്മിറ്റി യോഗത്തിലും പങ്കെടുക്കും.

 

14-Feb-2021