മൊബൈൽ ആപ്പുകളും വാട്‌സ്ആപ്പ് ഗ്രൂപ്പുകളും വഴിയാണ് മിക്ക പഞ്ചായത്തുകളും തങ്ങളുടെ വികസന വാർത്തകൾ ജനങ്ങളിലേക്കെത്തിക്കുന്നത്. ഇതിൽ നിന്ന് വ്യത്യസ്തമായി വാർത്തകൾ അതേ രൂപത്തിൽ തന്നെ പ്രചരിപ്പിക്കാൻ ഓൺലൈൻ വാർത്താ ചാനലുമായി രംഗത്തെത്തിയിരിക്കുകയാണ് തൃശൂർ ജില്ലയിലെ ശ്രീനാരായണ പുരം പഞ്ചായത്ത്. ഓൺലൈൻ വാർത്താ ചാനലിന്റെ ഉദ്ഘാടനം തദ്ദേശ വകുപ്പ് മന്ത്രി എ. സി മൊയ്തീൻ നിർവഹിച്ചു.
എസ്. എൻ പുരം ന്യൂസ്’ എന്ന് പേരിട്ടിരിക്കുന്ന ഓൺലൈൻ ചാനലിലൂടെ പഞ്ചായത്ത് പരിധിയിൽ വരുന്ന എല്ലാ സർക്കാർ സ്ഥാപനങ്ങളിലെയും വികസന ക്ഷേമ പ്രവർത്തനങ്ങളും പദ്ധതികളും ഇനിമുതൽ ഓരോ വീടുകളിലേക്കും തൽസമയം എത്തിക്കാൻ സാധിക്കും.
സർക്കാർ സ്ഥാപനങ്ങൾക്ക് പുറമേ പഞ്ചായത്തിലെ വിവിധ ക്ലബ്ബുകൾ, സാംസ്കാരിക സംഘടനകൾ എന്നിവയുടെ പ്രവർത്തനവും ഓൺലൈൻ ന്യൂസിലൂടെ ജനങ്ങൾക്ക് അറിയാൻ സാധിക്കും. പഞ്ചായത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള സത്യവിരുദ്ധമായ വാർത്തകൾ ഇല്ലാതാക്കുക, അതിലൂടെ വസ്തുനിഷ്ഠമായ വാർത്തകൾ ജനങ്ങളിലേക്കെത്തിക്കുക എന്നതാണ് വാർത്താ ചാനലിലൂടെ ലക്ഷ്യമിടുന്നത്.