നിയമസഭാ തെരഞ്ഞെടുപ്പ്; പ്രഖ്യാപനം ഉടന്‍ എന്ന സൂചനയുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
അഡ്മിൻ
കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടനുണ്ടാകുമെന്ന സൂചന നൽകി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. തെരഞ്ഞെടുപ്പിന് വേഗത്തിൽ സജ്ജമാകാൻ വിവിധ എസ്.പിമാരോടും, കളക്ടർമാരോടും കമ്മീഷൻ നിര്‍ദ്ദേശം നൽകി. കരുതൽ തടങ്കലിൽ പാർപ്പിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കി അടിയന്തിര നടപടി സ്വീകരിക്കണമെന്നും കമ്മീഷൻ ഉന്നത പോലീസ് ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടു.
മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഇന്ന് വൈകിട്ട് മാധ്യമങ്ങളെ കാണുന്നുണ്ട്.ജില്ലാ കളക്ടർമാരുമായും ,എസ്.പിമാരുമായും നടത്തിയ ചർച്ചയിലാണ് കമ്മീഷൻ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിശദീകരിച്ചത്.
നിയമസഭ തെരഞ്ഞെടുപ്പിന് വേഗത്തിൽ സജ്ജമാകണം, പ്രശ്‌നബാധിത ബൂത്തുകളിൽ കർശന സുരക്ഷയൊരുക്കണം, കരുതൽ തടങ്കലിൽ പാർപ്പിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കി നടപടി സ്വീകരിക്കണമെന്നും കമ്മീഷൻ നിര്‍ദ്ദേശം നൽകി. പോലീസ് സുരക്ഷ സംബന്ധിച്ചും ഉദ്യോഗസ്ഥ വിന്യാസം സംബന്ധിച്ചും സംസ്ഥാന പോലീസ് മേധാവിയുമായും ചീഫ് സെക്രട്ടറിയുമായും കമ്മീഷൻ ഇന്ന് ചർച്ച നടത്തും.
ഏപ്രിൽ രണ്ടാം വാരത്തിന് മുൻപ് തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് എൽ.ഡി.എഫും യു.ഡി.എഫും തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടത്. തെരഞ്ഞെടുപ്പ് മേയിൽ മതിയെന്ന നിലപാടാണ് ബിജെപി സ്വീകരിച്ചത്. സന്ദർശനം പൂർത്തിയാക്കി നാളെയാണ് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ അടങ്ങുന്ന സംഘം ദില്ലിക്ക് മടങ്ങുന്നത്. വരുന്ന ആഴ്ച അവസാനത്തോടെ അഞ്ച് സംസ്ഥാനങ്ങളിലേയും തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.