കത്‍വ ഫണ്ട് തട്ടിപ്പ്; പി കെ ഫിറോസിനും സി. കെ സുബൈറിനുമെതിരെ കേസെടുത്തു

കത്‍വ ഫണ്ട് പിരിവില്‍ തട്ടിപ്പ് പരാതിയിൽ യൂത്ത് ലീഗ് നേതാക്കളായ സി. കെ സുബൈര്‍, പി. കെ ഫിറോസ് എന്നിവര്‍ക്കെതിരെ യൂത്ത് ലീഗ് മുന്‍ നേതാവ് യൂസഫ് പടനിലത്തിന്‍റെ പരാതിയില്‍ കുന്ദമംഗലം പോലീസ് കേസെടുത്തു. പൊതുജനങ്ങളില്‍ നിന്ന് പണം പിരിച്ച് മറ്റ് ആവശ്യങ്ങള്‍ക്കായി വകമാറ്റിയെന്നാണ് പരാതി.
ഐ.പി.സി 420 അനുസരിച്ച് വഞ്ചനാകുറ്റമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

പരാതിക്കാരനോട് തെളിവുകള്‍ ഹാജരാക്കാന്‍ പോലീസ് നിര്‍ദേശിച്ചിട്ടുണ്ട്. തുടര്‍ന്നാകും അന്വേഷണം തുടങ്ങുക. യൂസഫ് പടനിലം ആരോപണം ഉന്നയിച്ചതിന് പിന്നാലെ യൂത്ത് ലീഗ് നേതാക്കള്‍ വാര്‍ത്താസമ്മേളനം നടത്തി അറിയിച്ചത് പെണ്‍കുട്ടിയുടെ പിതാവിന് അഞ്ച് ലക്ഷം രൂപയും അഭിഭാഷകര്‍ക്ക് ഒമ്പതര ലക്ഷത്തോളം രൂപയും നല്‍കിയെന്നാണ്.

അഭിഭാഷകന്‍ മുബീന്‍ ഫാറൂഖിക്ക് കേസ് നടത്തിപ്പിനായി പണം കൈമാറിയെന്നാണ് യൂത്ത് ലീഗ് നേതാക്കള്‍ അറിയിച്ചത്. പിന്നാലെ കേസ് നടത്തിപ്പിനായി ഒരു അഭിഭാഷകനും പണം വാങ്ങിയിട്ടില്ലെന്നും പബ്ലിക് പ്രോസിക്യൂട്ടർമാരാണ് കേസ് നടത്തുന്നതെന്നും അഭിഭാഷക ദീപിക സിംഗ് രജാവത്ത് പ്രതികരിക്കുകയുണ്ടായി.

17-Feb-2021