സർക്കാർ മെഡിക്കൽ കോളേജുകളെ മികവുറ്റതാക്കി: കെ.കെ. ശൈലജ ടീച്ചർ

കേരളത്തിന്റെ ആരോഗ്യ മേഖലയിൽ ദ്രുതഗതിയിലുള്ള മാറ്റങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. അഞ്ച് മെഡിക്കൽ കോളേജുകളിലെ 186.37 കോടി രൂപയുടെ പദ്ധതികൾ ഓൺലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളെ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിന് കോടിക്കണക്കിന് രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടക്കുന്നത്. പുതുതായി വന്നിട്ടുള്ള കൊല്ലം, എറണാകുളം, മഞ്ചേരി, ഇടുക്കി, കണ്ണൂർ, കോന്നി മെഡിക്കൽ കോളേജുകളിലും വലിയ സൗകര്യങ്ങളൊരുക്കി. വയനാട് മെഡിക്കൽ കോളേജിൽ 500 കിടക്കകളുള്ള ആശുപത്രിയാണ് ലക്ഷ്യം വയ്ക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ 33 കോടി രൂപയുടെ 18 പദ്ധതികൾ, കൊല്ലം മെഡിക്കൽ കോളേജിലെ 7.01 കോടിയുടെ 2 പദ്ധതികൾ, ആലപ്പുഴ മെഡിക്കൽ കോളേജിലെ 18.27 കോടിയുടെ 8 പദ്ധതികൾ, കോട്ടയം മെഡിക്കൽ കോളേജിലെ 90.09 കോടിയുടെ 22 പദ്ധതികൾ, മഞ്ചേരി മെഡിക്കൽ കോളേജിലെ 38 കോടിയുടെ 12 പദ്ധതികൾ എന്നിവയാണ് ഉദ്ഘാടനം ചെയ്തത്.

മേയർ ആര്യ രാജേന്ദ്രൻ അധ്യക്ഷത വഹിച്ച തിരുവനന്തപുരം മെഡിക്കൽ കോളെജിലെ ചടങ്ങിൽ കൗൺസിലർ ഡി.ആർ. അനിൽ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. എ. റംലാ ബീവി, കോളേജ് പ്രിൻസിപ്പൽ ഡോ. സാറ വർഗീസ്, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു

18-Feb-2021