ഏറ്റവും തീവ്രമായ വർഗീയത ന്യൂനപക്ഷ വർഗീയത: എ. വിജയരാഘവൻ

നമുക്ക് മുന്നിലുള്ള ഏറ്റവും തീവ്രമായ വർഗീയത ന്യൂനപക്ഷ വർഗീയതയാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. ന്യൂനപക്ഷ വർഗീയതയെ എല്ലാവരും ഒരുമിച്ചുനിന്ന് എതിർക്കണം. ഒരു വർഗീയതയ്ക്കു മറ്റൊരു വർഗീയത കൊണ്ടു പരിഹാരം കാണാൻ കഴിയുമോ?

ന്യൂനപക്ഷ വർഗീയത ഉയർത്തിപ്പിടിച്ചുകൊണ്ട് ഭൂരിപക്ഷ വർഗീയതയെ ചെറുക്കുന്നത് ഭൂരിപക്ഷ വർഗീയതയുടെ അക്രമപ്രവർത്തനങ്ങളെ ന്യായീകരിക്കലാകുമെന്നും വിജയരാഘവൻ പറഞ്ഞു.
ഇടതുമുന്നണിയുടെ വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥയ്ക്കു മുക്കത്ത് നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സംഘപരിവാറിന്റെ തീവ്രഹിന്ദുത്വ അജൻഡയ്ക്കു കീഴിൽ ന്യൂനപക്ഷ ജനവിഭാഗങ്ങളെ അടിച്ചമർത്തി രണ്ടാം തരം പൗരൻമാരാക്കുന്നതിനെതിരെ രാജ്യത്തിന്റെ ആത്മാഭിമാനം ഉയർത്തിപ്പിടിക്കുന്നത് ഇടതുപക്ഷമാണെന്നും വിജയരാഘവൻ പറഞ്ഞു. വയനാട്ടിലെ പര്യടനം പൂർത്തിയാക്കിയ വികസന മുന്നേറ്റ ജാഥ ഇന്നലെ കോഴിക്കോട് ജില്ലയിൽ പ്രവേശിച്ചു.

18-Feb-2021