തലസ്ഥാനത്തെ കർഷക പ്രക്ഷോഭം ഇന്ന് എൺപത്തിയഞ്ചാം ദിവസത്തിലേക്ക്

കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡൽഹി അതിർത്തിയിൽ നടക്കുന്ന കർഷക പ്രക്ഷോഭം ഇന്ന് എൺപത്തിയഞ്ചാം ദിവസത്തിലേക്ക് കടന്നു. ഇന്ന് രാജ്യവ്യാപകമായി പകൽ 12 മുതൽ 4 വരെ കർഷക സംഘടനകൾ ട്രെയിൻ തടയൽ സമരം സംഘടിപ്പിക്കും.

ഇതിന്റെ ഭാഗമായി പഞ്ചാബ്, ഹരിയാന, യു.പി, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ കർഷകർ വ്യാപകമായി ട്രെയിൻ തടയും. കേരളത്തെ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതിന് പകരമായി സംയുക്ത കർഷക സമിതിയുടെ നേതൃത്വത്തിൽ എല്ലാ ജില്ലയിലും കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക്‌ മാർച്ച്‌ സംഘടിപ്പിക്കും.

തങ്ങള്‍ നടത്തുന്ന സമരം തികച്ചും സമാധാനപരമായിരിക്കുമെന്ന് കർഷക നേതാക്കൾ അറിയിച്ചു. തലസ്ഥാനമായ ഡൽഹിയുടെ അതിർത്തികളിലേക്ക് വരുംദിവസങ്ങളിൽ കൂടുതൽ കർഷകർ എത്തുമെന്നും നേതാക്കൾ പറയുന്നു.
അതേസമയം, കർഷകരുടെ പ്രതിഷേധം കണക്കിലെടുത്ത് റെയിൽവേ സർവീസുകൾ വെട്ടിച്ചുരുക്കിയിട്ടുണ്ട്.

18-Feb-2021