സെക്രട്ടേറിയറ്റിന് മുന്നിലെ കെ.എസ്.യു സമരത്തിനിടെ നടന്ന അക്രമം ആസൂത്രിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നേരത്തെ ആസൂത്രണം ചെയ്ത് അക്രമം നടത്തുകയായിരുന്നു. ജോലി ചെയ്യുന്ന പൊലീസുകാർക്ക് നേരെയാണ് അക്രമമുണ്ടായത്. പൊലീസുകാർ എന്തു തെറ്റുചെയ്‌തെന്നും മുഖ്യമന്ത്രി ചോദിച്ചു.
'പൊലീസിനെ വളഞ്ഞിട്ടു മർദിക്കുന്ന കാഴ്ചയാണ് കണ്ടത്. ഇത് അറിയാതെ സംഭവിക്കുന്നതല്ല. പൊലീസിനെ വളഞ്ഞിട്ടുതല്ലുമ്പോൾ സ്വാഭാവികമായും പൊലീസ് അതിനെതിരെ പ്രതികരിക്കും. അപ്പോൾ ഇത് കൂടുതൽ പ്രശ്നങ്ങളിലേക്കെത്തിക്കാം എന്നാണ് ഇക്കൂട്ടർ കണക്കുകൂട്ടിയത്. എന്നാൽ സഹപ്രവർത്തകരെ വളഞ്ഞിട്ടു മർദിക്കുന്നത് കണ്ടിട്ടും പൊലീസ് സംയമനം പാലിച്ചു', മുഖ്യമന്ത്രി പറഞ്ഞു.
ജനങ്ങൾക്ക് ഉപകാരപ്രദമായ പദ്ധതികളും ക്ഷേമപ്രവർത്തനങ്ങളും മറച്ചുവെക്കുക എന്ന ഉദ്ദേശത്തോട് കൂടിയാണ് ഇത്തരം ആസൂത്രിത അക്രമം നടത്തിയത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കലാണ് അക്രമത്തിന്റെ ഉദ്ദേശ്യം. സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന മറ്റൊരു സമരക്കാരേയും കെ.എസ്.യു പ്രവർത്തകർ ആക്രമിച്ചു. അവരുടെ മൺപാത്രങ്ങളും മറ്റും വലിച്ചെറിഞ്ഞു. ഒരു തരം അഴിഞ്ഞാട്ടമാണ് ഇന്ന് നടന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചു. സമരത്തിന്റെ മറവിൽ കലാപത്തിന് ശ്രമമെന്ന് സിപി.ഐ.എം ആരോപിച്ചു.