കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ യു.ഡി.എഫിലേക്ക് എന്നത് വ്യാജ പ്രചാരണം

എല്‍.ഡി.എഫ് കപ്പല്‍ മുങ്ങുന്നു.. മാണി സി.കാപ്പന് പിന്നാലെ കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എയും എല്‍.ഡി.എഫ് വിടുന്നു.. എന്ന പേരില്‍ ഒരു പോസ്റ്റ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇടത് മുന്നണിയോടൊപ്പം നില്‍ക്കുന്ന ആര്‍എസ്‌പിയുടെ (ലെനനിസ്റ്റ്) കുന്നത്തൂര്‍ മണ്ഡലത്തിലെ എം.എല്‍.എയായ കോവൂര്‍ കുഞ്ഞുമോന്‍ യു.ഡി.എഫില്‍ ചേരുന്നു എന്ന പേരിലാണ് പ്രചരണം. കോണ്‍ഗ്രസ് അനുകൂല കേസരി എന്ന പേരിലുള്ള പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 74 റിയാക്ഷനുകളും 95ല്‍ അധികം ഷെയറുകളും പോസ്റ്റിന് ഇതുവരെ ലഭിച്ചിട്ടുണ്ട്.

പക്ഷെ യഥാര്‍ത്ഥത്തില്‍ അതൊരു വ്യാജ പ്രചാരണമാണ് എന്ന് കോവൂര്‍ കുഞ്ഞുമോൻ എം.എല്‍.എ വെളിപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍: "എല്‍.ഡി.എഫ് പിന്തുണ വിട്ട് യു.ഡി.എഫിലേക്ക് എന്ന പ്രചരണം വ്യാജമാണ്. കുന്നത്തൂര്‍ മണ്ഡലം ആര്‍.എസ്.‌പിക്ക് നല്‍കാതെ സി.പി.എം ഏറ്റെടുക്കുമെന്ന വാര്‍ത്തയെ കുറിച്ച് അറിവില്ല. ഇടതുപക്ഷ മുന്നണി ഇത്തരത്തിലൊരു തീരുമാനവും എടുത്തിട്ടില്ല.

കുന്നത്തൂരില്‍ വലിയ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. ഇത്തവണയും താന്‍ തന്നെയാകും എല്‍.ഡി.എഫിന്‍റെ സ്ഥാനാര്‍ത്ഥി എന്നാണ് വിശ്വാസം. എന്നാല്‍ ആര്‍.എസ്.‌പിയെ (ലെനനിസ്റ്റ്) ഔദ്യോഗികമായി എല്‍.ഡി.എഫില്‍ ചേര്‍ക്കണമെന്ന ആവശ്യം ഇപ്പോഴും മുന്നോട്ട് വയ്ക്കുകയാണെന്നും എല്‍.ഡി.എഫിനൊപ്പം തന്നെ നില്‍ക്കുകായും ചെയ്യും.

19-Feb-2021