കേരളത്തില്‍ ഭരണ തുടര്‍ച്ച പ്രവചിച്ച് ഏഷ്യാനെറ്റ് ന്യൂസ് സർവേ ഫലം
അഡ്മിൻ
സംസ്ഥാന ചരിത്രത്തിലാദ്യമായി തുടർഭരണം പ്രവചിച്ചിരിക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസ് സീ ഫോർ പ്രീ പോൾ സർവേ ഫലം. രാഷ്ട്രീയ ചരിത്രം പിണറായി വിജയൻ തിരുത്തുമെന്ന് തന്നെ സർവേ ഫലം വ്യക്തമാക്കുന്നു. എൽ.ഡി.എഫ് 72 മുതൽ 78 സീറ്റ് വരെ നേടി ഭരണം തുടരുമ്പോൾ യു.ഡി.എഫ് 59 മുതൽ 65 സീറ്റ് വരെ നേടി കൂടുതൽ കരുത്തോടെ പ്രതിപക്ഷത്ത് ഇരിക്കും. എൻ.ഡി.എ മൂന്ന് മുതൽ ഏഴ് സീറ്റ് വരെ നേടുമെന്നും പ്രീ പോൾ സർവേ പ്രവചിക്കുന്നു.
തെക്കൻ കേരളത്തിൽ ഇടതുമുന്നണി 41 ശതമാനം വോട്ടോടെ 24 മുതൽ 26 സീറ്റ് വരെ നേടും. യു.ഡി.എഫിന് 12 മുതൽ 14 സീറ്റേ ഇവിടെ ലഭിക്കൂ. 37 ശതമാനമാണ് വോട്ട് വിഹിതം പ്രവചിച്ചിരിക്കുന്നത്. എൻ.ഡി.എക്ക് 20 ശതമാനം വോട്ട് വിഹിതം ലഭിക്കുമെന്നും ഒന്ന് മുതൽ രണ്ട് വരെ സീറ്റ് നേടാനാവുമെന്നും പ്രവചിക്കുന്നുണ്ട്. ആരായിരിക്കണം കേരളത്തിൻറെ അടുത്ത മുഖ്യമന്ത്രിയെന്ന ചോദ്യത്തിൽ സർവേയിൽ പങ്കെടുത്ത 39 ശതമാനം പേരും നിലവിലെ മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് തന്നെ പറഞ്ഞു.
ഉമ്മൻചാണ്ടി മതിയെന്ന് 18 ശതമാനം പേർ അഭിപ്രായപ്പെട്ടപ്പോൾ ഒൻപത് ശതമാനം പേരുടെ പിന്തുണയോടെ ശശി തരൂർ മൂന്നാമതെത്തി. ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർ ഏഴ് ശതമാനം പേരുടെ പിന്തുണ തേടി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും ആറ് ശതമാനം പേരുടെ വീതം പിന്തുണയാണ് ലഭിച്ചത്. മുല്ലപ്പള്ളി രാമചന്ദ്രന് നാല് ശതമാനം പേരുടെയും പി.കെ കുഞ്ഞാലിക്കുട്ടിക്ക് രണ്ട് ശതമാനം പേരുടെയും പിന്തുണ ലഭിച്ചു. മറ്റുള്ളവരുടെ പേരുകൾ നിർദ്ദേശിച്ചത് ഒൻപത് ശതമാനം പേരാണ്.
വടക്കൻ കേരളത്തിൽ വ്യക്തമായ ആധിപത്യം ഇടതുമുന്നണി നിലനിർത്തുമെന്നാണ് ഫലം. 43 ശതമാനം വോട്ടോടെ 32 മുതൽ 34 വരെ സീറ്റ് ഇടതുപക്ഷം നേടും. യു.ഡി.എഫിന് 39 ശതമാനം വോട്ട് ലഭിക്കുമെങ്കിലും 24 മുതൽ 26 വരെ സീറ്റാണ് ലഭിക്കുക. മുഖ്യമന്ത്രിക്ക് സ്വർണക്കടത്ത് കേസിൽ പങ്കില്ലെന്ന് 51 ശതമാനം പേരും വിശ്വസിക്കുന്നു. എൽ.ഡി.എഫ് സർക്കാരിൻറെ ഏറ്റവും മികച്ച നേട്ടമായി 34 ശതമാനം പേർ സൗജന്യ ഭക്ഷ്യകിറ്റിനെ വിലയിരുത്തി. 27 ശതമാനം പേർ ക്ഷേമ പെൻഷനും 18 ശതമാനം പേർ കൊവിഡ് പ്രവർത്തനത്തിനും മാർക്കിട്ടു. എൽ.ഡി.എഫ് സർക്കാരിൻറെ വലിയ പരാജയമായി 34 ശതമാനം പേരും ശബരിമല വിഷയമാണ് ഉയർത്തിക്കാട്ടിയത്.