എൽ.ഡി.സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടിയ സർക്കാർ നടപടി സ്വാഗതാര്‍ഹം: റാങ്ക് ഹോൾഡേഴ്സ്
അഡ്മിൻ
എൽ.ഡി.സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടിയ സർക്കാർ നടപടി സ്വാഗതാർഹമെന്ന് എൽ.ഡി.സി റാങ്ക് ഹോൾഡേഴ്സ്. പ്രൊമോഷൻ ലിസ്റ്റുകൾ വേഗത്തിൽ ഇറക്കാനും എൻട്രി കേഡർ ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെടാനും മുഖ്യമന്ത്രിയുടെ ഇടപെടൽ വേണമെന്ന് പി.എസ്.സി ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു.
ഏപ്രിൽ 1 ന് കാലാവധി അവസാനിക്കേണ്ട ലിസ്റ്റ് ഓഗസ്റ്റ് മൂന്ന് വരെയാണ് നീട്ടിയത്.നിയമനം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന സമരത്തിൽ സർക്കാര്‍ ഇടപെടുമെന്നാണ് പി.എസ്.സി ഉദ്യോഗാർത്ഥികൾ പ്രതീക്ഷ. സമരക്കാർ ഉന്നയിച്ച ആവശ്യങ്ങളെല്ലാം പരിഗണിക്കാമെന്നും, ചില കാര്യങ്ങളിൽ നടപടി അന്തിമഘട്ടത്തിലാണെന്നുമാണ് സർക്കാർ നൽകിയ ഉറപ്പ്. ഉദ്യോഗസ്ഥതല ചർച്ച തൃപ്തികരമായിരുന്നുവെന്നും, ചർച്ചയുടെ അടിസ്ഥാനത്തിൽ ഉടൻ ഉത്തരവുണ്ടാകുമെന്നും മന്ത്രി എ. കെ ബാലൻ ഇന്നലെ പറഞ്ഞിരുന്നു.