ഇഎംസിസി - കെഎസ്ഐഎൻസി ധാരണാപത്രം സംസ്ഥാന സർക്കാർ റദ്ദാക്കി
അഡ്മിൻ
ആഴക്കടൽ മത്സ്യബന്ധന വിവാദത്തില്‍ ഇഎംസിസി - കെഎസ്ഐഎൻസി ധാരണാപത്രം സംസ്ഥാന സർക്കാർ റദ്ദാക്കി. സർക്കാരിന്റെ അനുമതി ഇല്ലാതെ ധാരണാപത്രം ഒപ്പു വെച്ചത് ആഭ്യന്തര സെക്രട്ടറി ടി കെ ജോസ് അന്വേഷിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് വിവരങ്ങൾ കിട്ടിയതും അദ്ദേഹത്തിന്‍റെ ആരോപണങ്ങളും ഈ അന്വേഷണ പരിധിയിലുണ്ട്. 400 ട്രോളറുകളും അഞ്ച് മദർ വെസ്സലുകളും നിർമിക്കാൻ ഇഎംസിസിയുമായി കെഎസ്ഐഎൻസി ഉണ്ടാക്കിയ ധാരണാപത്രമാണ് റദ്ദാക്കിയത്.
ശരിയായ രീതിയില്‍ നടപടി ക്രമങ്ങൾ പാലിക്കാതെയാണ് ധാരണപത്രം ഒപ്പിട്ടതെന്നാണ് സർക്കാർ നല്‍കുന്ന വിശദീകരണം. സർക്കാരിന്‍റെ മത്സ്യ നയത്തിന് വിരുദ്ധമായ ധാരണാപത്രം ഒപ്പിട്ടിട്ടും അറിയിച്ചില്ല എന്നതും ഗൗരവമായിട്ടാണ് സർക്കാർ കാണുന്നത്. ഉദ്യോഗസ്ഥ തല വീഴ്ചയുണ്ടായെന്നാണ് സർക്കാർ കണക്ക് കൂട്ടുന്നത്. ചില ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകാനും സാധ്യതയുണ്ട്. എംഡി എൻ പ്രശാന്തിനെതിരെ അച്ചടക്ക നടപടിയെടുക്കാനുള്ള ആലോചന സർക്കാർ തലത്തിലുണ്ട്. ഉദ്യോഗസ്ഥ തല അന്വേഷണം നടത്തി ആ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ നടപടിയെടുക്കാനാണ് നീക്കം.