രാജ്യത്ത് ഇന്നും ഇന്ധന വില വര്‍ദ്ധിച്ചു

രാജ്യത്തെ പെട്രോള്‍, ഡീസല്‍ വിലവര്‍ദ്ധനയില്‍ തത്കാലം ഇടപെടല്‍ സാധ്യമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഇതേ തുടർന്ന് വിവിധ സംസ്ഥാന സര്‍ക്കാരുകൾ നികുതികളില്‍ ഇളവ് വരുത്തി. പശ്ചിമ ബംഗാള്‍, അസം, മേഘാലയ, രാജസ്ഥാന്‍ സംസ്ഥാനങ്ങള്‍ നികുതികള്‍ കുറച്ചപ്പോള്‍ മറ്റ് സംസ്ഥാനങ്ങള്‍ ഈ ആഴ്ച ഇളവ് പ്രഖ്യാപിക്കുമെന്നാണ് വിവരം.

ഇന്നലെ ഒരു രൂപയുടെ കുറവാണ് പെട്രോളിനും ഡിസലിനും പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ നല്‍കിയത്. അതേസമയം, രാജ്യത്ത് ഇന്നും ഇന്ധന വില വര്‍ദ്ധിച്ചു. പെട്രോളിന് 39 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്.

രാജസ്ഥാനിലും പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് നികുതി 38 ല്‍ നിന്ന് 36 ആയി താഴ്ത്തി. തെരഞ്ഞെടുപ്പിന് തയാറെടുക്കുന്ന അസമില്‍ ബിജെപി സര്‍ക്കാര്‍ അഞ്ച് രൂപയാണ് നികുതി കുറച്ചത്. കൊവിഡിനെ നേരിടാന്‍ എര്‍പ്പെടുത്തിയ നികുതി പൂര്‍ണമായും ഒഴിവാക്കി. ഇന്ധന വിലയിൽ ഏറ്റവും കൂടുതല്‍ നികുതി കുറച്ചത് മേഘാലയയിലാണ്. പെട്രോളിനും ഡീസലിനും സര്‍ക്കാര്‍ ഏഴ് രൂപയാണ് നികുതി കുറച്ചത്.

22-Feb-2021