തെരുവുവിളക്കുകൾ എൽ.ഇ.ഡിയിലേക്ക് മാറ്റുന്ന ‘നിലാവ്’ പദ്ധതി ഉദ്ഘാടനം ചെയ്തു
അഡ്മിൻ
വികേന്ദ്രീകരണത്തിലധിഷ്ഠിതമായ വികസന സംസ്‌കാരത്തെ വിപുലപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിവാദങ്ങൾക്കല്ല, വികസനങ്ങൾക്കാണ് കേരളത്തെ വളർത്താനാകുക എന്ന സന്ദേശം സർക്കാർ നൽകിവരുമ്പോൾ തദ്ദേശസ്ഥാപനങ്ങൾ തങ്ങളുടേതായ കടമ നിർവഹിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ തെരുവുവിളക്കുകൾ പൂർണമായും എൽ.ഇ.ഡിയിലേക്ക് മാറ്റുന്ന ‘നിലാവ്’ പദ്ധതി ഓൺലൈനായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ ലക്ഷക്കണക്കിന് പരമ്പരാഗത തെരുവ് വിളക്കുകൾ മാറ്റി ഇനി മുതൽ എൽ.ഇ.ഡി ആകുകയാണ്. ഊർജ്ജ സംരക്ഷണവും പരിസ്ഥിതി ആഘാത ലഘൂകരണവും ലക്ഷ്യമിട്ടാണ് ദീർഘവീക്ഷണമുള്ള ഈ പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വൈദ്യുതി വിതരണത്തിലെ ഊർജ്ജനഷ്ടവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ബിൽ ഇനത്തിൽ നൽകിവരുന്ന അധികച്ചെലവും ഒഴിവാക്കാൻ സഹായിക്കുന്നതാണ് ‘നിലാവ്’ എന്ന പദ്ധതി. മുഖ്യമന്ത്രിയുടെ 12 ഇന പരിപാടിയുടെ ഭാഗമായാണ് ഇത് യാഥാർഥ്യമാക്കുന്നത്. കേരളത്തിലാകെ ഏതാണ്ട് 16.24 ലക്ഷം തെരുവ് വിളക്കുകളാണ് ഉള്ളത്.
അതിൽ 10.5 ലക്ഷത്തിലും പരമ്പരാഗത ഇലക്ട്രിക് ബൾബുകളാണ് ഉപയോഗിച്ച് വരുന്നത്. അതിലൂടെ വലിയ തോതിലുള്ള ഊർജ നഷ്ടവും അധികച്ചെലവും ഉണ്ടാകുന്നുണ്ട്. ഇവയെല്ലാം മാറ്റി എൽ.ഇ.ഡി ബൾബുകൾ സ്ഥാപിക്കുന്നതിലൂടെ തെരുവുവിളക്കുകൾക്ക് കൂടുതൽ മിഴിവും ഈടുനിൽപും ഉണ്ടാകും. കിഫ്ബിയുടെ സഹായത്തോടെ 289.82 കോടി രൂപ ചെലവിട്ടു നടപ്പാക്കുന്ന പദ്ധതി രണ്ടു മാസത്തിനുള്ളിൽ ലക്ഷ്യം കൈവരിക്കും.
തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ നിർവഹണത്തിന് സ്പെഷ്യൽ പർപ്പസ് വെഹിക്കിളായി സംസ്ഥാന വൈദ്യുതി ബോർഡിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. തദ്ദേശസ്ഥാപനങ്ങളുടെ ആവശ്യത്തിനനുസരിച്ച് അവർ എൽ.ഇ.ഡി ബൾബുകൾ വാങ്ങി പോസ്റ്റുകളിൽ സ്ഥാപിക്കും. ലൈറ്റുകളുടെ പരിപാലനചുമതല തദ്ദേശസ്ഥാപനങ്ങൾക്കാണ്.
അവർക്കീ പദ്ധതിയുടെ ഭാഗമാകാൻ വിവിധ പാക്കേജുകളും ഒരുക്കിയിട്ടുണ്ട്. തദ്ദേശസ്ഥാപനങ്ങൾക്ക് വലിയ നേട്ടമുണ്ടാക്കുന്ന ഈ പദ്ധതിക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്. ആദ്യഘട്ടമായി 665 പഞ്ചായത്തുകളിലും 48 നഗരസഭകളിലുമാണ് പദ്ധതി നടപ്പാക്കുന്നത്. അഞ്ചുലക്ഷത്തിലധികം എൽ.ഇ.ഡി ബൾബുകൾ ആദ്യഘട്ടമായി മാറ്റിസ്ഥാപിക്കും.
പല പഞ്ചായത്തിലും ഇതിനകം പദ്ധതിപ്രകാരമുള്ള നടപടികൾ പൂർത്തിയായിട്ടുണ്ട്. പള്ളിക്കൽ, ഉടുമ്പൻചോല, ഒതുക്കുങ്ങൽ, വെള്ളമുണ്ട, വേലൂർ പഞ്ചായത്തുകളിലും കരുനാഗപ്പള്ളി, ചേർത്തല നഗരസഭകളും ഇതിൽപ്പെടും. ബാക്കി തദ്ദേശസ്ഥാപനങ്ങളിലും ലക്ഷ്യമിടുന്നതിനേക്കാൾ വേഗം പദ്ധതി പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. പന്ത്രണ്ടിന പരിപാടികളിലെ മറ്റു പദ്ധതികളും തദ്ദേശസ്ഥാപനങ്ങൾ കാര്യക്ഷമമായി നടപ്പാക്കിവരുന്നുണ്ട്. നാടിന്റെ വിഭവശേഷി പൂർണമായി വിനിയോഗിക്കാനാകണം.
തദ്ദേശസ്ഥാപനങ്ങളിലെ പുതിയ ഭരണസംവിധാനങ്ങൾ ഇത്തരം പ്രവർത്തനങ്ങൾ നടപ്പിലാക്കിയാകണം സജീവമാകേണ്ടത്. മഹാമാരിയിൽനിന്നും നാടിനെ കരകയറ്റാനാണ് നാം ശ്രമിക്കുന്നത്. കോവിഡ് പ്രതിരോധത്തിനൊപ്പം നാടിന്റെ വികസനക്ഷേമ കാര്യങ്ങളിൽ ഒരു വീഴ്ചയും വരാതിരിക്കാൻ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ഒരു പുതിയ കേരളം കെട്ടിപ്പടുക്കാൻ നമുക്കാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീൻ അധ്യക്ഷത വഹിച്ചു. വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി മുഖ്യാതിഥിയായിരുന്നു.
23-Feb-2021
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ