കൂടുതല്‍ ശക്തം; കര്‍ഷക പ്രക്ഷോഭം മൂന്നാം മാസത്തിലേക്ക്

കേന്ദ്ര കാർഷിക നിയമങ്ങൾക്ക് എതിരെയുള്ള കര്‍ഷക പ്രക്ഷോഭം മൂന്നാം മാസത്തിലേക്ക് കടന്നു. ഇപ്പോള്‍ ഉത്തരേന്ത്യയില്‍ വ്യാപകമായി കിസാന്‍ മഹാപഞ്ചായത്തുകള്‍ സംഘടിപ്പിക്കുന്നത് തുടരുകയാണ്. കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത് രാജസ്ഥാനിലെ രണ്ട് കര്‍ഷക മഹാ കൂട്ടായ്മകളെ ഇന്ന് അഭിസംബോധന ചെയ്യും.

ആള്‍ക്കൂട്ടത്തിനെ ഉണ്ടാക്കി കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനാകില്ലെന്ന കേന്ദ്ര കൃഷി മന്ത്രി നരേന്ദ്രസിംഗ് തോമറിന്റെ പരാമര്‍ശം കര്‍ഷകരെ അപമാനിക്കുന്നതാണെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച പറയുന്നു.അതേസമയം, വരാനിരിക്കുന്നത് വിളവെടുപ്പ് സമയമായതിനാല്‍ സമരത്തില്‍ കര്‍ഷകരുടെ പങ്കാളിത്തത്തിന് പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഈ സമയം ഒരു കര്‍ഷകന്‍ ഗ്രാമത്തിലേക്ക് പോകുമ്പോള്‍ പകരം കര്‍ഷകര്‍ ആ ഗ്രാമത്തില്‍ നിന്ന് സമരഭൂമിയിലെത്തും. എന്തുവന്നാലും വിളകള്‍ നശിപ്പിക്കരുതെന്നും, ആത്മഹത്യക്ക് തുനിയരുതെന്നും കര്‍ഷക നേതാക്കള്‍ തുടര്‍ച്ചയായി സമരക്കാരോട് അഭ്യര്‍ത്ഥന നടത്തുന്നുണ്ട്.

23-Feb-2021