ടൂള്‍ കിറ്റ്‌ കേസ്; ദിഷാ രവിക്ക് കോടതി ജാമ്യം അനുവദിച്ചു

ഇന്ത്യയിലെ കര്‍ഷക സമരവുമായി ബന്ധപ്പെട്ട ടൂള്‍കിറ്റ് കേസില്‍ ദിഷാ രവിക്ക് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു.ഒരു ലക്ഷം രൂപയുടെ രണ്ട് ആള്‍ ജാമ്യത്തിലാണ് ദില്ലി പട്യാലഹൗസ് കോടതി ജാമ്യം അനുവദിച്ചത്. ഇക്കഴിഞ്ഞ 13ന് ആണ് ടൂള്‍കിറ്റ് കേസില്‍ ദിഷാ രവിയെ ഡല്‍ഹി പൊലീസ് അറസ്‌റ്റ് ചെയ‌്‌തത്.

ദിഷയും അഭിഭാഷകയും ആക്ടിവിസ്റ്റുമായ മലയാളി നികിത ജേക്കബും, ശന്തനു മുളുകും ചേര്‍ന്ന് 'പൊയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷന്‍' എന്ന ഖാലിസ്ഥാന്‍ അനുകൂല സംഘടനയുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തി സര്‍ക്കാരിനെതിരെ വാദപ്രചരണം നടത്താന്‍ ടൂള്‍കിറ്റ് തയ്യാറാക്കിയെന്നാണ് ഡല്‍ഹി പൊലീസ് ആരോപിക്കുന്നത്.

എന്നാല്‍ ടൂള്‍കിറ്റ് ഒരു ആശയപ്രചരണം മാത്രമാണെന്നും സര്‍ക്കാരിനെതിരെ വെറുപ്പ് വിതയ്ക്കാന്‍ ഉദ്ദേശിച്ചുളളതല്ല അതെന്നും ദിഷാ രവിയുടെ അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചു.

23-Feb-2021