നാഷണൽ ഹെറാൾഡ് കേസ്: സോണിയക്കും രാഹുലിനും ഡല്‍ഹി ഹൈക്കോടതി നോട്ടീസ്

നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഉൾപ്പെടെയുള്ളവർക്ക് ഡൽഹി ഹൈകോടതി നോട്ടീസ്. ബി.ജെ.പി എം.പി സുബ്രമണ്യൻ സ്വാമി നൽകിയ ഹർജിയിലാണ് നടപടി. എ.ഐ.സി.സി ജനറൽ സെക്രട്ടറി ഓസ്‌കർ ഫെർണാണ്ടസ്, സുമൻ ദുബേ, സാം പിത്രോഡ എന്നിവർക്കും നോട്ടീസ് നൽകി.ഏപ്രിൽ 12നകം മറുപടി നൽകാനും അതുവരെ വിചാരണ കോടതി നടപടികൾ സ്‌റ്റേ ചെയ്യാനുമാണ് ഉത്തരവ്.

നാഷനൽ ഹെറാൾഡ് പത്രത്തിന്റെ കൈമാറ്റത്തിൽ വഞ്ചനയും സാമ്പത്തിക തട്ടിപ്പും ആരോപിച്ചാണ് സുബ്രമണ്യൻസ്വാമി ഹർജി നൽകിയത്.കേസിൽ സുപ്രീംകോടതി രജിസ്ട്രി ഓഫീസർ, ആദായ നികുതി ഡെപ്യൂട്ടി കമീഷണർ തുടങ്ങിയ സാക്ഷികളെ വിളിച്ചുവരുത്തി തെളിവെടുക്കണമെന്ന് ഇദ്ദേഹം കോടതിയോട് അഭ്യർത്ഥിച്ചിരുന്നു.

എന്നാൽ, വിചാരണ കോടതി ഇത് അനുവദിച്ചില്ല. സ്വാമിയുടെ വിസ്താരത്തിന് ശേഷമേ ഇത് അനുവദിക്കൂവെന്ന് വിചാരണ കോടതി അറിയിച്ചിരുന്നു. ഇതിനെതിരെയാണ് അദ്ദേഹം ഹൈകോടതിയെ സമീപിച്ചത്.

23-Feb-2021