ലൈഫ് മിഷന്‍ വീടുകള്‍ക്ക് ഇനി ഇന്‍ഷുറന്‍സ് പരിരക്ഷ

സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ ഭവന പദ്ധതിയായ ലൈഫിന്റെ വിവിധ ഘട്ടങ്ങളിലും പി.എം.എ.വൈ (നഗരം/ഗ്രാമം)-ലൈഫ് പദ്ധതിയിലും വിവിധ വകുപ്പുകള്‍ മുഖേന നിര്‍മ്മിച്ച 2,50,547 വീടുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തി. ഒരു വീടിന് മൂന്ന് വര്‍ഷത്തേക്ക് പ്രീമിയം തുകയായ 349 രൂപാ വീതം 8.74 കോടി രൂപ അടച്ചാണ് ലൈഫ് മിഷന്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തിയത്.

തിരുവനന്തപുരം പള്ളിച്ചല്‍ പഞ്ചായത്തിലെ റീനാ കുമാരിക്ക് ആദ്യ ഇന്‍ഷുറന്‍സ് പോളിസി സര്‍ട്ടിഫിക്കറ്റ് നല്‍കി ധനമന്ത്രി ഡോ: ടി.എം തോമസ് ഐസക് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാനത്ത് ഭവനരഹിതരുണ്ടാകരുത് എന്നാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. വീടുകളുടെ അറ്റകുറ്റപണികള്‍ ഇന്‍ഷുറന്‍സ് പരിധിയില്‍ വരില്ലെന്നും അവ തദ്ദേശ സ്ഥാപനങ്ങള്‍ വഹിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

അര്‍ഹരായ എല്ലാവര്‍ക്കും ലൈഫ് പദ്ധതിയിലൂടെ വീട് നല്‍കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച തദ്ദേശ സ്വയംഭരണ മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു. ലൈഫ് പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് ജീവനോപാധികള്‍ കണ്ടെത്തുന്നതിന് കുടുംബശ്രീയുടെ നേതൃത്വത്തില്‍ തൊഴില്‍ പരിശീലനം ആരംഭിക്കുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു.സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പ് പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ യുണൈറ്റഡ് ഇന്‍ഷുറന്‍സ് കമ്പനിയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കിയത്. പ്രകൃതിക്ഷോഭം, അപകടം തുടങ്ങിയവ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് പരമാവധി നാല് ലക്ഷം രൂപ വരെയാണ് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുക.

ചടങ്ങില്‍ പള്ളിച്ചല്‍ പഞ്ചായത്ത് പ്രസിഡന്റ് മല്ലിക, തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, ലൈഫ് മിഷന്‍ സി.ഇ.ഒ യു.വി ജോസ്, കുടുംബശ്രീ എക്സിക്യുട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍, പഞ്ചായത്ത് ഡയറക്ടര്‍ ഡോ: പി.കെ ജയശ്രീ, സംസ്ഥാന ഇന്‍ഷുറന്‍സ് ഡയറക്ടര്‍ ഡോ: എസ് കാര്‍ത്തികേയന്‍, യുണൈറ്റഡ് ഇന്‍ഷുറന്‍സ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ. നന്ദകുമാര്‍ എന്നിവര്‍ പങ്കെടുത്തു. സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ലൈഫ് ഗുണഭോക്താക്കള്‍ക്ക് ഇന്‍ഷുറന്‍സ് പോളിസി സര്‍ട്ടിഫിക്കറ്റ് വിതരണം നടന്നു.

24-Feb-2021