പുതുച്ചേരിയിൽ കോൺഗ്രസിന് അധികാരം നഷ്ടമായത് ബി.ജെ.പിയുടെ ഭീഷണിയാൽ

പുതുച്ചേരിയിൽ കോൺഗ്രസിന് അധികാരം നഷ്ടമായത് ബി.ജെ.പിയുടെ ഭീഷണി മൂലമാണെന്ന് മുൻ മുഖ്യമന്ത്രി വി. നാരായണസ്വാമി. പാർട്ടി എം.എൽ.എമാരെ ബി.ജെ.പി ഭീഷണിപ്പെടുത്തിയെന്നും അതിന്റെ തെളിവുകൾ തന്റെ പക്കലുണ്ടെന്നും നാരായണസ്വാമി വ്യക്തമാക്കി.ബി.ജെ.പി പണം ഉപയോഗിച്ച് എം.എൽ.എമാരെ സ്വാധീനിക്കുകയാണെന്നും അവർ മണി പവർ കാണിക്കുകയാണെന്നും നാരായണസ്വാമി നേരത്തെ ആരോപണം ഉയർത്തിയിരുന്നു.

ജനങ്ങൾ കോൺഗ്രസിനൊപ്പമാണ്. പണം ഉപയോഗിച്ച് കളിക്കുന്ന ബി.ജെ.പിയ്ക്ക് ജനം മറുപടി നൽകുമെന്നും പുതുച്ചേരിയിൽ കോൺഗ്രസ്- ഡി.എം.കെ സഖ്യം തന്നെ വീണ്ടും അധികാരത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു.‘കഴിഞ്ഞ നാലരവർഷക്കാലം എന്റെ ഒപ്പം പ്രവർത്തിച്ച എം.എൽ.എമാരാണ് ഇക്കാര്യം അറിയിച്ചത്. അവരെ ഭീഷണിപ്പെടുത്തി. അതിന്റെ തെളിവുകൾ എന്റെ കയ്യിലുണ്ട്. രാഷ്ട്രീയ പ്രതിസന്ധികൾ ഉണ്ടാവുന്നതിന് മുമ്പുതന്നെ ഒരു എം.എൽ.എ ഇക്കാര്യം എന്നെ ധരിപ്പിച്ചിരുന്നു.

അദ്ദേഹത്തിനുമേൽ 22 കോടി ടാക്‌സ് ചുമത്തിയെന്നും പാർട്ടിയിൽ നിന്നും രാജിവെച്ചില്ലെങ്കിൽ അതടക്കേണ്ടിവരുമെന്ന് സമ്മർദ്ദം ചുമത്തുകയും ചെയ്തിരുന്നു’, നാരായണസ്വാമി പറഞ്ഞു.
പാർട്ടിയിൽ നിന്ന് നാല് എം.എൽ.എമാർ പെട്ടെന്ന് രാജിവെച്ചതിനെ തുടർന്നാണ് പുതുച്ചേരി ഗവർണർ ഫെബ്രുവരി 22ന് വിശ്വാസ വോട്ടെടുപ്പിന് ആഹ്വാനം ചെയ്തത്.

വോട്ടെടുപ്പിന് മണിക്കൂറുകൾക്ക് മുമ്പ് പാർട്ടിയിലെ മുതിർന്ന നേതാവ് കെ. ലക്ഷ്മിനാരായണന്റെയും ഡി.എം.കെ എം.എൽ.എ വെങ്കിടേഷന്റെയും രാജി കോൺഗ്രസ്- ഡി.എം.കെ സഖ്യത്തെ കൂടുതൽ പ്രതിസന്ധിയിലാക്കിയിരുന്നു.

25-Feb-2021