കര്‍ഷക സമരം; കേന്ദ്ര സേനാ വിന്യസം 26 വരെ നീട്ടി ഉത്തരവ്

വിവാദമായ കേന്ദ്ര കാർഷിക നിയമങ്ങൾക്കെതിരെയുള്ള കർഷക സമരം അവസാനിപ്പിക്കാൻ കർഷകരുമായി ചർച്ചക്ക് എപ്പോൾ വേണമെങ്കിലും തയ്യാറാണെന്നും, കേന്ദ്രം കർഷകരുടെ ക്ഷേമത്തിന് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ. എന്നാല്‍ മന്ത്രിയുടെ നിര്‍ദേശത്തോട് കര്‍ഷകസംഘടനകള്‍ പ്രതികരിച്ചിട്ടില്ല. കാര്‍ഷിക നിയമങ്ങള്‍ ഒന്നരവര്‍ഷം മരവിപ്പിക്കാമെന്ന വ്യവസ്ഥ അംഗീകരിക്കണം. ഇക്കാലയളവില്‍ നിയമങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഒരുമിച്ചിരുന്ന് പരിഹരിക്കാമെന്നും മന്ത്രി അറിയിച്ചു.

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന് പ്രശ്നം പരിഹരിക്കാൻ കഴിയുമെന്ന പ്രതീക്ഷ കർഷക നേതാവ് നരേഷ് ടികായത്തും കഴിഞ്ഞ ദിവസം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, രാജ്യ തലസ്ഥാനത്തെ അതിർത്തികളിലെ കേന്ദ്ര സൈന്യ വിന്യസം ഫെബ്രുവരി 26 വരെ നീട്ടിക്കൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കി.

അതിർത്തികളിൽ കർഷക സമരം ശക്തമാകുന്നത് മുന്നിൽ കണ്ടാണ് നീക്കം. കാർഷിക നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ 40 ലക്ഷം ട്രാക്ടറുകൾ ഉപയോഗിച്ച് പാർലമെന്റ് വളയുമെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്ത് മുന്നറിയിപ്പ് നൽകിയിരുന്നു.

25-Feb-2021