പാലാരിവട്ടം മേൽപ്പാലം; നിര്‍മ്മാണ പ്രവൃത്തികൾ പൂർത്തിയായി

പാലാരിവട്ടം മേല്‍പ്പാലം പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കി അടുത്ത മാസം ആറിന് ഗതാഗതത്തിന് തുറന്നു നല്‍കിയേക്കും. 95 ശതമാനം നിര്‍മാണ പ്രവൃത്തികളും പൂര്‍ത്തിയായി. നാളെ മുതൽ ഭാര പരിശോധന തുടങ്ങും.
നിർമ്മാണം പൂർത്തിയാക്കി മാർച്ച് പത്തിന് പാലം കൈമാറുമെന്നാണ് ഡിഎംആർസി ഈ മാസമാദ്യം ഉറപ്പു നൽകിയത്. എന്നാൽ ഇതിനും അഞ്ചു ദിവസം മുൻപേ കൈമാറാനാണ് ഇപ്പോൾ തീരുമാനം.

പാലത്തിന്റെ അന്തിമ ടാറിംഗ് ജോലികള്‍ 50 ശതമാനം പൂര്‍ത്തിയാക്കി. പെയിന്റിംഗ് ജോലികളും ആരംഭിച്ചു.
മാര്‍ച്ച് നാലിനകം ഭാരപരിശോധന പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. മാര്‍ച്ച് 5 ന് ശേഷം എപ്പോള്‍ വേണമെങ്കിലും ഉദ്ഘാടനം നടത്താമെന്നാണ് നിര്‍മാണ മേല്‍നോട്ട ചുമതലയുള്ള ഡിഎംആര്‍സി സര്‍ക്കാറിനെ അറിയിച്ചിരിക്കുന്നത്.

2020 സെപ്റ്റംബർ 28- നാണ് പാലത്തിൻ്റെ പുനർനിർമ്മാണം തുടങ്ങിയത്. 18.76 കോടി രൂപ ചെലവിൽ മെയ് മാസത്തിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. 158 ദിവസം കൊണ്ട് റെക്കോർഡ് വേഗത്തിലാണിപ്പോൾ പണികൾ പൂർത്തീകരിച്ചിരിക്കുന്നത്.

26-Feb-2021