കേരളത്തിൽ തെരഞ്ഞെടുപ്പ് ഏപ്രിൽ 6ന്; ഫലം മെയ് 2 ന്

കേരളത്തിൽ ഒറ്റഘട്ടമായി ഏപ്രിൽ 6നാണ് തെരഞ്ഞെടുപ്പ് നടക്കുക. മെയ് 2നാണ് വോട്ടെണ്ണൽ. മലപ്പുറം ഉപതെരഞ്ഞെടുപ്പും ഇതിനൊപ്പം നടക്കും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ ദില്ലിയിലെ വാർത്താസമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചത്. മാതൃകാ പെരുമാറ്റച്ചട്ടം ഇന്ന് മുതൽ നിലവിൽ വന്നു.

മാർച്ച് 12നായിരിക്കും തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്ത് വരിക. പത്രിക പിൻവലിക്കാനുള്ള അവസാന തീയ്യതി മാർച്ച് 22ന്. പരീക്ഷകളും ഉത്സവങ്ങളും കണക്കിലെടുത്താണ് തീയതികൾ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന് പുറമെ, അസം, പശ്ചിമ ബംഗാൾ, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് തീയതികളും പ്രഖ്യാപിച്ചു. ആസാമിൽ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായി നടത്തും. ആദ്യ ഘട്ടം മാർച്ച് 27ന്. മേയ് 2നായിരിക്കും വോട്ടെണ്ണൽ. 47 മണ്ഡലങ്ങളിലേക്കാണ് ആകെ തെരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ടാംഘട്ടം ഏപ്രിൽ 1നും മൂന്നാംഘട്ടം ഏപ്രിൽ 6നും നടക്കും.

ഏപ്രിൽ ആറിന് തന്നെയാണ് തമിഴ്‌നാട്ടിലും തെരഞ്ഞെടുപ്പ് നടക്കുക. ഒറ്റഘട്ടമായിട്ടായിരിക്കും ഈ തെരഞ്ഞെടുപ്പും നടക്കുക. വോട്ടെണ്ണൽ മേയ് രണ്ടിന് തന്നെ. പുതുച്ചേരിയിലും തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടക്കും. ഏപ്രിൽ ആറിനായിരിക്കും തെരഞ്ഞെടുപ്പ്. പശ്ചിമ ബംഗാളിൽ വോട്ടെടുപ്പ് എട്ട് ഘട്ടമായാണ് നടത്തുക. മാർച്ച് 27, ഏപ്രിൽ 1, ഏപ്രിൽ 6, ഏപ്രിൽ 10, ഏപ്രിൽ 17, ഏപ്രിൽ 26, ഏപ്രിൽ 29 എന്നീ തീയ്യതികളിലായിരിക്കും വോട്ടെടുപ്പ്. വോട്ടെണ്ണൽ മേയ് രണ്ടിന് തന്നെ.

ദീപക് മിശ്ര ഐപിഎസിനെ കേരളത്തിലെ നിരീക്ഷകനായി ചുമതലപ്പെടുത്തി. പ്രത്യേക കേന്ദ്ര നിരീക്ഷകനെ രണ്ടുദിവസത്തിനകം തീരുമാനിക്കും. ബീഹാർ തെരഞ്ഞെടുപ്പ് അഭിമാന നേട്ടമെന്നും കൊവിഡിനിടയിലും വിജയകരമായി പൂർത്തിയാക്കിയെന്നും സുനിൽ അറോറ പറഞ്ഞു. അഞ്ചിടത്തായി 2.7 ലക്ഷം പോളിങ് സ്റ്റേഷനുകളും 18.86 കോടി വോട്ടർമാരുമാണുളളത്. കേരളത്തിൽ 40,771 പോളിങ് ബൂത്തുകളുണ്ട്. കൊവിഡിന്റെ സാഹചര്യത്തിൽ കൂടുതൽ പോളിങ് ബൂത്തുകൾ അനുവദിച്ചു.

വോട്ടെടുപ്പ് സമയം ഒരു മണിക്കൂർ വരെ നീട്ടാം. പത്രിക നൽകാൻ സ്ഥാനാർത്ഥിക്കൊപ്പം രണ്ടുപേരെ മാത്രമേ അനുവദിക്കുകയുളളൂ. 80 വയസ്സിന് മുകളിലുളളവർക്ക് തപാൽ വോട്ട് അനുവദിച്ചു. വീട് കയറിയുളള പ്രചരണത്തിന് അഞ്ച് പേർ മാത്രം. നിയന്ത്രണങ്ങളോടെ റോഡ് ഷോയ്ക്ക് അനുമതി നൽകി. ഓരോ മണ്ഡലത്തിലും പരമാവധി ചെലവാക്കാവുന്നത് 30.8 ലക്ഷം രൂപ. പ്രവാസികൾക്ക് പോസ്റ്റൽ ബാലറ്റ് ഇത്തവണയില്ല.

26-Feb-2021