കോവിഡ് വാക്സിനേഷൻ: കേരളത്തിൽ രണ്ടാംഘട്ട രജിസ്ട്രേഷൻ നാളെ മുതൽ
അഡ്മിൻ
സംസ്ഥാനത്ത് 60 വയസ് കഴിഞ്ഞവർക്കുള്ള വാക്സിൻ വിതരണം നാളെ മുതൽ. മാര്‍ച്ച് ഒന്നുമുതല്‍ രണ്ടാംഘട്ട കോവിഡ് 19 വാക്സിനേഷനുള്ള രജിസ്ട്രേഷന് ആരംഭിക്കുമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. 60 വയസിന് മുകളില്‍ പ്രായമുള്ള എല്ലാ പൗരന്മാര്ക്കും 45 നും 59 നും ഇടയില്‍ പ്രായമുള്ള രോഗബാധിതര്‍ക്കുമാണ് രജിസ്ട്രേഷന് അനുവദിക്കുന്നത്.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻ്റെ മാര്‍ഗ നിര്‍ദേശമനുസരിച്ച് സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പുറമേ തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും വാക്സിനേഷനുള്ള സൗകര്യമൊരുക്കും. സര്‍ക്കാര്‍ ആശുപത്രികളില്‍ വാക്സിനേഷന് സൗജന്യമായി ലഭിക്കും.
കോവിന്‍ ( https://www.cowin.gov.in ) പോര്‍ട്ടല്‍ വഴിയും ആരോഗ്യ സേതു ആപ്പ് വഴിയും പൊതുജനങ്ങള്‍ക്ക് കോവിഡ് വാക്സിനേഷനായി രജിസ്റ്റര്‍ ചെയ്യാം. രജിസ്ട്രേഷന് സമയത്ത് ഗുണഭോക്താവിന്റെ ഫോട്ടോ, ഐഡി കാര്‍ഡിലുള്ള അടിസ്ഥാന വിവരങ്ങള്‍ എന്നിവ നല്‍കേണ്ടതാണ്. രജിസ്ട്രേഷന് മുമ്പായി മൊബൈല്‍ നമ്പറിൻ്റെ കൃത്യത ഉറപ്പാക്കുന്നതിന് ഒടിപി പരിശോധന നടത്തും. രജിസ്ട്രേഷന് സമയത്ത് കോവിഡ് വാക്സിനേഷന് സെന്ററുകളുടെ പട്ടികയും ഒഴിഞ്ഞ സ്ലോട്ടുകള്‍ ലഭ്യമാകുന്ന തീയതിയും കാണാനാകും. അതനുസരിച്ച് ലഭ്യമായ സ്ലോട്ടുകള്‍ അടിസ്ഥാനമാക്കി ബുക്ക് ചെയ്യേണ്ടതാണ്.