ഭർത്താവിന്റെ കൂടെ ജീവിക്കാൻ ഭാര്യയെ നിർബന്ധിക്കാനാകില്ലെന്നും ഭാര്യ ഭർത്താവിന്റെ സ്വത്തല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. തന്റെ കൂടെ ജീവിക്കാൻ ഭാര്യയ്ക്ക് നിർദേശം നൽകണമെന്ന യുവാവിന്റെ ഹർജി പരിഗണിക്കവേ ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, ഹേമന്ത് ഗുപ്ത എന്നിവരടങ്ങുന്ന ബഞ്ചിന്റേതാണ് സുപ്രധാന നിരീക്ഷണം.
സ്ത്രീധനം ആവശ്യപ്പെട്ടുള്ള പീഡനം മൂലം യുവതി 2013ൽ ഗോരഖ്പൂർ കുടുംബകോടതിയെ സമീപിച്ചിരുന്നു. അനുകൂലമായ വിധിയും നേടി. പ്രതിമാസം ഭാര്യയ്ക്ക് ചെലവിനായി ഇരുപതിനായിരം രൂപ നൽകണമെന്നായിരുന്നു വിധി. ഇതിനു പിന്നാലെ കൂടെ ജീവിക്കാൻ സന്നദ്ധമാണ് എന്നറിയിച്ച് ഭർത്താവ് മേൽക്കോടതിയിൽ ഹർജി നൽകി. ഒരുമിച്ചു ജീവിക്കാൻ തയ്യാറായ തനിക്ക് ഹിന്ദു സ്പെഷ്യൽ മേര്യേജ് ആക്ട് പ്രകാരം ജീവനാംശം നൽകേണ്ടതില്ല എന്നായിരുന്നു ഇദ്ദേഹത്തിന്റെ വാദം.
പക്ഷെ അലഹബാദ് ഹൈക്കോടതി ആവശ്യം തള്ളി. ഇതേത്തുടർന്നാണ് ഇദ്ദേഹം സുപ്രിംകോടതിയെ സമീപിച്ചത്. യുവതിക്കൊപ്പം ജീവിക്കാൻ സന്നദ്ധമാണെന്നും അതിന് ഉത്തരവിടണമെന്നുള്ള ഭർത്താവിന്റെ അഭിഭാഷകന്റെ വാദത്തിനിടെയാണ് കോടതി നിങ്ങളുടെ സ്വകാര്യ സ്വത്താണോ എന്ന് കോടതി ചോദിച്ചത്.